ദേശീയ പാതാ വികസനത്തിന്റെ പേരിൽ അശാസ്ത്രീയമായി സര്‍വീസ് റോഡ് നിർമാണം,വഴി അടഞ്ഞ് നിരവധി കുടുംബങ്ങൾ

കോഴിക്കോട് : വടകരയില്‍ ദേശീയ പാതാ വികസനം മൂലം വഴി നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങള്‍. അശാസ്ത്രീയമായി സര്‍വീസ് റോഡുകള്‍ പണിയുന്നതിനാല്‍ വീട്ടില്‍നിന്നും പുറത്തേക്ക് കടക്കാനാവാത്ത അവസ്ഥയിലാണ് പാതയോരത്തെ താമസക്കാര്‍.
കൈനാട്ടി, മടപ്പള്ളി,ചോറോട് ഭാഗത്താണ് ദേശീയാ പാതാ വികസനം മൂലം ആളുകളുടെ വഴിയടഞ്ഞത്. വീടുകള്‍ക്ക് മുമ്പില്‍ രണ്ടര മീറ്റര്‍ വരെ ഉയരത്തിലാണ് സര്‍വീസ് റോഡ് പണിയുന്നത്. റോഡ് പണിക്ക് വേണ്ടി കിടങ്ങ് കുഴിച്ചതോടെ പരിസരവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല. ചിലയിടങ്ങളില്‍ സര്‍വീസ് റോഡും വീടും തമ്മില്‍ രണ്ടു മീറ്റര്‍ പോലും അകലമില്ലാത്തതും ജനങ്ങളെ ദുരിത്തിലാക്കി. പരാതികള്‍ ഉയര്‍ന്നതോടെ ദേശീയപാതാ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
കെ ടി ബസാറില്‍ നേരത്തെ സമാന പരാതി ഉയര്‍ന്നിരുന്നു,അവിടെ ഉയരം കുറച്ച് സര്‍വീസ് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചതോടെയാണ് പരിഹാരമായത്. മൂരാട് ഭാഗത്ത് സര്‍വീസ് റോഡില്ലാത്തതും പ്രശ്നമാണ്.ദേശീയ പാത വികസന പ്രവൃത്തികള്‍ നിലവിലെ താമസക്കാരുടെ യാത്രാ സൗകര്യം പരിഗണിക്കാതെ നടപ്പാക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം.





