Kozhikode

ഗവ. മെഡിക്കൽ കോളജ് ക്യാംപസിൽ പുതുതായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ ചോർച്ച

Please complete the required fields.




കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ക്യാംപസിൽ പുതുതായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ ചോർച്ച. ചില ഫ്ലാറ്റിന്റെ ശുചിമുറി, കിടപ്പുമുറി എന്നിവയുടെ മുകൾ ഭാഗത്തും ചുമരിനോടു ചേർന്നുമാണു വെള്ളം ഒലിച്ചിറങ്ങുന്നത്. കഴിഞ്ഞ ജനുവരി മുതലാണു ഫ്ലാറ്റ് ജീവനക്കാർക്ക് അനുവദിച്ചത്. മഴ ശക്തമായപ്പോഴേക്കും ചില ഫ്ലാറ്റുകളിൽ ചോർച്ച ഉണ്ടായതിനാൽ നിർമാണത്തിലെ അപാകതയാണെന്നു പരാതി ഉയർന്നിട്ടുണ്ട്. 

2021 ഫെബ്രുവരിയിലാണ് ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിലാണ് 126 ക്വാർട്ടേഴ്സുകൾ നിർമിച്ചത്. ഇവിടത്തെ ക്വാർട്ടേഴ്സുകൾ കാലപ്പഴക്കത്തെ തുടർന്ന് ഉപയോഗിക്കാൻ പറ്റാതെ വരികയും കൂടുതൽ പേർക്കു താമസ സൗകര്യം ഒരുക്കുന്നതിന്റെയും ഭാഗമായാണു നാലിടത്തായി ഫ്ലാറ്റ് നിർമിച്ചത്.

മഴ പെയ്താൽ ചില ക്വാർട്ടേഴ്സുകളിലെ ജനൽപാളിയിലൂടെ വെള്ളം അകത്തെത്തുന്നു. അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ച് നിർമിച്ച ജനലിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതാണു കാരണം. ഇതിനാൽ ഫർണിച്ചർ ഉൾപ്പെടെ കേടുവരുന്നതായി താമസക്കാർ പറഞ്ഞു. സ്റ്റെയർ കേസ് ഭാഗത്തോടു ചേർന്ന സ്ഥലത്തു നിന്നാണ് കൂടുതലായി വെള്ളം മുറിക്ക് അകത്തെത്തുന്നത്. ജനലുകൾക്ക് മുകളിലായി ആവശ്യത്തിനു സൺഷെയ്ഡുകളില്ലാത്ത തരത്തിലെ രൂപകൽപനയുമാണ് വെള്ളം ജനലിലൂടെ അകത്തെത്താൻ കാരണമെന്നു പറയുന്നു. 

ചോർച്ച ഉണ്ടായ ഫ്ലാറ്റുകളിൽ കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചോർച്ച വന്ന ഭാഗം മാർക്ക് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. മഞ്ചേരി നിർമാൺ കൺസ്ട്രക്‌ഷൻസാണ് പ്രവൃത്തി കരാറെടുത്തത്. ഇവരുടെ പരിപാലന കാലാവധിക്കുള്ളിലായതിനാൽ ചോർച്ച ഉടനെ അടയ്ക്കാനും വാട്ടർ പ്രൂഫിങ് ചെയ്യാനും നിർദേശിച്ചതായി അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Back to top button