Thiruvananthapuram

ബ്രൂവറി കേസ്: ‘പിണറായി നടത്തിയ കൊടിയ അഴിമതി പുറത്ത് വരും’; സ്റ്റേ വാങ്ങിയത് ഭയം കൊണ്ടെന്ന് ചെന്നിത്തല

Please complete the required fields.




തിരുവനന്തപുരം:  ബ്രൂവറിക്കേസിൽ ശിക്ഷിക്കപ്പെടുമെന്ന ഭയമാണ് രേഖകൾ ഹാജരാക്കാനുള്ള വിജിലൻസ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈക്കോടതിയിൽനിന്നു താത്ക്കാലിക വിധി സമ്പാദിച്ചതിന്റെ പിന്നിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  ഫയലുകൾ കോടതി പരിശോധിച്ചാൽ പിണറായി വിജയൻ ഉൾപ്പെടെയുളളവർ നടത്തിയ കൊടിയ അഴിമതി പുറത്തു വരും. ഇത് ഭയന്നാണ് താത്ക്കാലിക വിധി സമ്പാദിച്ചത്. തന്‍റെ ഭാഗം കോടതി കേട്ടിട്ടില്ല.

ഹൈക്കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തും. ധനകാര്യ വകുപ്പ് തീർപ്പാക്കിയ ഫയൽ ഹാജരാക്കാൻ എന്തിനാ ഭയക്കുന്നതെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായി. ഇതുകൊണ്ടൊന്നും നിങ്ങൾ രക്ഷപ്പെടാൻ പോകുന്നില്ല. തന്‍റെ നിയമപോരാട്ടം തുടരും. സത്യം പുറത്ത് കൊണ്ടുവരും. ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടപ്പെട്ടവർക്കും കടലാസ് ലേബലിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിയമം മറികടന്നു കോടിക്കണക്കിനു രൂപ മൂല്യമുള്ള ഭൂമി പാട്ടത്തിനു നൽകിയതുൾപ്പടെയുള്ള സർക്കാർ ഉത്തരവുകൾ അഴിമതിയല്ലാതെ പിന്നെന്താണെന്നും ചെന്നിത്തല ചോദിച്ചു.

താൻ പ്രതിപക്ഷ നേതാവായിരിക്കെ  ഈ കൊടിയ അഴിമതി പുറത്തു കൊണ്ടുവന്നതുകൊണ്ടു മാത്രമാണ് അന്നത്തെ പിണറായി സർക്കാരിന് ഉത്തരവുകൾ പിൻവലിക്കേണ്ടി വന്നത്. നിങ്ങൾ എത്ര ബാരിക്കേഡുകൾകൊണ്ട് മറയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരികതന്നെ ചെയ്യുമെന്നു ചെന്നിത്തല പറഞ്ഞു.

ബ്രൂവറി കേസില്‍ നികുതി വകുപ്പിൽ നിന്ന് ഫയലുകൾ  സമർപ്പിക്കണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ. സ്വകാര്യ അന്യായത്തിന്മേൽ വിജിലൻസ് കോടതിക്ക് കേസെടുക്കാൻ ആവില്ലെന്ന് സർക്കാർ വാദിച്ചു. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് വിജിലൻസ് കോടതി ഉത്തരവെന്നും സർക്കാർ വ്യക്തമാക്കി. രമേശ് ചെന്നിത്തലയാണ് ബ്രൂവറി അഴിമതി കേസുമായി  വിജിലന്‍സ് കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Back to top button