മേഘസ്ഫോടനം: അമർനാഥിൽ പൊലിഞ്ഞത് 15 ജീവൻ, നിരവധിപേരെ കാണാനില്ല, രക്ഷാദൗത്യത്തിന് സൈന്യം; ഇടപെട്ട് പ്രധാനമന്ത്രി

കശ്മീർ: ജമ്മുകശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കാണാതായ 40 ഓളം പേർക്കായി തെരച്ചില്‍ തുടരുകയാണ്. ക്ഷേത്രത്തില്‍ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. 3 ഭക്ഷണശാലകളും 25 ടെന്‍റുകളും പ്രളയത്തില്‍ തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്. കുടങ്ങിക്കിടക്കുന്നവര്‍ക്കായി സൈന്യത്തിന്‍റെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സൈന്യത്തിന്‍റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലെഫ്റ്റനന്‍റ് ഗവർണറില്‍ നിന്ന് വിവരങ്ങള്‍ തേടി.
സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവർത്തനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.





