
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ. അവസാനത്തെ രണ്ട് ടി-20കളിൽ താരത്തിന് ഇടം ലഭിച്ചില്ല. അതേസമയം, അയർലൻഡിനെതിരായ പരമ്പരയിൽ ഒരു സെഞ്ചുറി അടക്കം ഏറ്റവുമധികം റൺസ് നേടിയ ദീപക് ഹൂഡ മൂന്ന് ടി-20കൾക്കുള്ള ടീമിലും ഉൾപ്പെട്ടു.
അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു പരമ്പരയിൽ തുടരുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയാസ് അയ്യർ സഞ്ജുവിനു പകരം ടീമിൽ ഇടം നേടി. ഇഷാൻ കിഷൻ മൂന്ന് ടി-20കൾക്കും മൂന്ന് ഏകദിനങ്ങൾക്കുമുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അയർലൻഡിനെതിരെ ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ പോയ അർഷ്ദീപ് സിംഗ് ആദ്യ ടി-20യിലും ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലായിൽ അവസാന ഏകദിനം കളിച്ച ഹാർദിക് ടീമിൽ തിരികെയെത്തി. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പുറത്തിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമിൽ തിരികെവന്നു. ശിഖർ ധവാൻ ഏകദിന ടീമിലുണ്ട്.





