Kozhikode

കർഷകപ്രശ്നങ്ങളിൽ നടപടിക്കായി എംഎൽഎയുടെ ഉപവാസം

Please complete the required fields.




താമരശ്ശേരി: വന്യജീവിസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ  കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. മുനീർ എംഎൽഎയുടെ നേതൃത്വത്തിൽ കട്ടിപ്പാറയിൽ നടത്തിയ ഉപവാസത്തിൽ കർഷകരുടെ പ്രതിഷേധം ഇരമ്പി.

വനാതിർത്തിയിലെ നൂറു കണക്കിനു  കർഷകരുടെ നിലനിൽപിന് തന്നെ ഭീഷണിയായ ബഫർ സോൺ പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നിയമ നിർമാണം നടത്തുക,  പരിസ്ഥിതി ലോല മേഖല വനാതിർത്തിക്കുള്ളിൽ നിലനിർത്തുക, 2019ൽ സംസ്ഥാന സർക്കാർ ഒരു കിലോമീറ്റർ ദൂരമായി നിശ്ചയിച്ച തീരുമാനം പുനഃപരിശോധിക്കുക, ‌ സംസ്ഥാനത്തെ പൂർണമായും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.  

മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒട്ടേറെ കർഷകർ സമരപ്പന്തലിൽ എത്തി ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. കട്ടിപ്പാറ പഞ്ചായത്ത് ഓഫിസിനു സമീപം രാവിലെ 10ന് എം.കെ. മുനീർ എംഎൽഎ ആരംഭിച്ച ഉപവാസം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി  ഉദ്ഘാടനം ചെയ്തു. 

പരിസ്ഥിതി സംരക്ഷണ ഉത്തരവുകൾ നടപ്പാക്കുമ്പോൾ അവധാനത വേണമെന്നും  സംസ്ഥാനങ്ങളിലെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി ജനങ്ങൾക്ക് അനുകൂല വിധി നേടിയെടുക്കുകയെന്നത് സർക്കാരിന്റെ ബാധ്യതയാണെന്നും കെ.എം.ഷാജി പറഞ്ഞു. പരിസ്ഥിതി ലോല പ്രശ്നത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് ചെയർമാൻ സലാം മണക്കടവൻ ആധ്യക്ഷ്യം വഹിച്ചു.

കെ.പി.എ.മജീദ് എംഎൽഎ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, വി.എം. ഉമ്മർ, എ.അരവിന്ദൻ, നാസർ ഫൈസി കൂടത്തായി, പി.സി.ഹബീബ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, നിജേഷ് അരവിന്ദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ.ടി. അബ്ദുറഹിമാൻ, അലക്സ് തോമസ് ചെമ്പകശ്ശേരി, ബീന തങ്കച്ചൻ, മുഹമ്മദ് മോയത്ത്, പോളി കാരക്കാട്, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, പ്രേംജി ജയിംസ്, ഹാരിസ് അമ്പായത്തോട്, എ.കെ. അബുബക്കർ കുട്ടി, എന്നിവർ പ്രസംഗിച്ചു. വൈകിട്ട് കെ.സി. അബു നാരങ്ങാ നീരു നൽകിയാണ് ഉപവാസം അവസാനിച്ചത്.

Related Articles

Leave a Reply

Back to top button