വയനാട് കൈപ്പഞ്ചേരിയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസ്; വൈദ്യന് കൊലക്കേസ് പ്രതി ഷൈബിനും പ്രതിപ്പട്ടികയില്‍

വയനാട്: വയനാട് ബത്തേരി കൈപ്പഞ്ചേരിയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തില്‍ നിലമ്പൂർ കൊലക്കേസ് പ്രതി ഷൈബിൻ അഷ്റഫിനെ കേസിൽ പ്രതി ചേർത്തു. ഷൈബിൻ അഷ്റഫിനെ ബത്തേരി പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. സ്ഫോടക വസ്തുക്കൾ ഷൈബിന്റെ വീട്ടിൽ നിന്നും കിട്ടിയതാണെന്ന മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഷൈബിന്റെ ഉടമസ്ഥതയിലുള്ള മന്തണ്ടിക്കുന്നിലെ വീട്ടില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്നും കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളും ആയുധങ്ങളും അന്വേഷണ സംഘം കണ്ടെത്തി. നാല് മണിക്കൂറോളം ഇവിടെ തെളിവെടുപ്പും പരിശോധനകളും നടന്നു. തുടർന്ന് നിർമാണം നടക്കുന്ന ഷൈബിന്റെ പുത്തൻകുന്നിലെ ആഡംബര വസതിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ബത്തേരിയിലെ കൈപ്പഞ്ചേരിയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവവുമായി ഈ കൊലപാതക കേസിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കേസിലെ പ്രതി നൗഷാദിന്റെ സഹോദരൻ അഷ്റഫിന്റെ സുൽത്താൻ ബത്തേരിയിലെ വീട്ടുവളപ്പിൽ നിന്ന് 9 ജലാറ്റിൻ സ്റ്റിക്കുകളാണ് കഴിഞ്ഞ മാസം 28 ന് കവർച്ച കേസിലെ തെളിവെടുപ്പിനിടെ കണ്ടെത്തിയത്.
2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം.
ഒന്നേ കാൽ വര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിഞ്ഞു.





