
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അന്തര്‍ സംസ്ഥാനങ്ങളിലേക്ക്. കൂർഗ് മേഖലയിൽ നേരത്തെ അനധികൃത വിൽപ്പനക്കാർ ഉണ്ടായിരുന്നത് കണക്കിലെടുത്താണ് അന്വേഷണം കർണാടക ഉൾപ്പെടെയുളള സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നത്. വെടിയുണ്ടകൾ ജർമ്മനി, ഇംഗ്ലണ്ട്, പൂനൈ എന്നിവിടങ്ങളിൽ നിർമ്മിച്ചവയാണെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇവയ്ക്ക് പത്തു വർഷത്തിലേറെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം. ജില്ലാ ക്രൈം ബ്രാഞ്ച് എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നിലവിലെ നീക്കം. വെടിയുണ്ടകൾ ഉപേക്ഷിച്ചവരെ കണ്ടെത്താനാണ് സിസിടിവികൾ പരിശോധിക്കുന്നത്. ജില്ലയിലെ റെഫിൾ ക്ലബുകളുടെ വിവരശേഖരണവും തുടങ്ങിയിട്ടുണ്ട്. ബാലിസ്റ്റിക് പരിശോധനയും പുരോഗമിക്കുകയാണ്.





