
കോഴിക്കോട് : ജില്ലയിൽ വിവിധ ഭക്ഷണ വിതരണ നിർമാണ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗവും കോർപറേഷൻ ആരോഗ്യ വിഭാഗവും പരിശോധന തുടരുന്നു. ഇന്നലെ ജില്ലയിൽ 44 സ്ഥാപനങ്ങളിൽ പരിശോധന നടന്നു. മലിനമായ അന്തരീക്ഷത്തിൽ വിൽപന നടത്തിയ 15 സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു. വടകര, കുറ്റ്യാടി, ബാലുശ്ശേരി, പെരുവയൽ, കുറ്റിക്കാട്ടൂർ, എലത്തൂർ എന്നിവിടങ്ങളിലായാണു പരിശോധന നടന്നത്.
മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ച വടകരയിലെ ‘കഫെ കാപേച്ചിനോ’ എന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു.ശുചിത്വ രഹിതമായും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച കക്കട്ടിലെ ലൈമൂൺ റസ്റ്ററന്റ്, കുറ്റ്യാടി കാന്താരി കേറ്ററിങ് ആൻഡ് റസ്റ്ററന്റ് എന്നീ സ്ഥാപനങ്ങളും അടപ്പിച്ചു. നേരത്തെ നടപടി നേരിട്ട സ്ഥാപനമാണ് ലൈമൂൺ. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ നിയമപ്രകാരം ചുമത്തിയ പിഴയൊടുക്കാതെ അനധികൃതമായി പ്രവർത്തിക്കുകയായിരുന്നു ഈ സ്ഥാപനം. X
ലൈസൻസ് പുതുക്കാനുള്ള അവസാന ദിവസം പിന്നിട്ട സാഹചര്യത്തിൽ നാളെ മുതൽ ലൈസൻസ് പുതുക്കാത്ത കച്ചവട സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ആരംഭിക്കും. കോവിഡ് കാല സമയത്ത് ഹോട്ടലുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ജോലിചെയ്യുന്നവർ ഹെൽത്ത് കാർഡ് പുതുക്കാതിരുന്നതും പരിശോധിക്കുന്നുണ്ട്. എല്ലാ വ്യാഴാഴ്ചയും രാവിലെ 8.30 മുതൽ 9.30 വരെ ഹെൽത്ത് കാർഡ് പരിശോധന കോർപറേഷൻ ഓഫിസിൽ നടക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.





