
കോഴിക്കോട് : സിൽവർലൈൻ സാധ്യതാ പഠനത്തിനായി പുതുതായി നൽകിയ അലൈൻമെന്റ് രൂപരേഖയിൽ എലത്തൂർ മേഖലയിലുള്ള സർവേ നമ്പറുകൾ കാണാനില്ല. കോഴിക്കോട് നഗരം വില്ലേജിൽപെട്ട ഏതാനും നമ്പറുകളും രൂപരേഖയിലില്ല.കല്ലിടൽ സർവേ പട്ടികയിൽ പുതിയങ്ങാടി വില്ലേജിൽ ഉൾപ്പെട്ട പ്രദേശത്തെ സർവേ നമ്പറുകൾ പൂർണമായും ഇല്ലാതെയാണ് ലഭ്യമായത്. കോഴിക്കോട് നഗരം വില്ലേജിലെ കുണ്ടുങ്ങൽ, പള്ളിക്കണ്ടി മേഖലയിലെ ഏതാനും നമ്പറുകളും ഉൾപ്പെട്ടിട്ടില്ല. നഗരം വില്ലേജ് പിന്നിട്ടാൽ പിന്നെ ചേമഞ്ചേരി വില്ലേജിൽ ഉൾപ്പെട്ട സർവേ നമ്പർ മാത്രമേ രേഖയിലുള്ളൂ. വീണ്ടും അലൈൻമെന്റിൽ കൃത്യത വരുത്തി മാത്രമേ ഇനി ജില്ലയിൽ സർവേ തുടങ്ങാനാവൂ.
മേയ് പകുതിയോടെ മാത്രമേ തുടർ സർവേ നടക്കൂ എന്നാണു കെ റെയിൽ ഉദ്യോഗസ്ഥർ പറയുന്നത്. മാർച്ചിൽ കുണ്ടുങ്ങൽ ചക്കിലകം പ്രദേശത്തും പള്ളിക്കണ്ടി പുറമ്പോക്ക് ഭൂമിയിലും സർവേ ആരംഭിച്ചെങ്കിലും ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി നിർത്തിവച്ചിരുന്നു. എന്നാൽ, അന്നത്തെ സർവേ രേഖയിൽ സർവേ നമ്പറിൽ അപാകത ഉണ്ടെന്നു റവന്യു വിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. ഇതു പരിശോധിച്ചതിൽ റവന്യു സർവേ നമ്പറും സിൽവർലൈൻ സർവേ നമ്പറും തമ്മിൽ പൊരുത്തക്കേടു കണ്ടു.
30 മീറ്ററിൽ 3 കല്ലിടൽ എന്നതിനു പകരം കുണ്ടുങ്ങൽ പ്രദേശത്ത് അടുത്തടുത്ത് കല്ലിടുന്ന അവസ്ഥയായിരുന്നു. സിൽവർലൈൻ കടന്നുപോകുന്ന വില്ലേജുകളിലെ ഫീൽഡ് മെഷർമെന്റ് ബുക്ക് (എഫ്എംബി) പരിശോധിച്ചു 2 സർവേ നമ്പറും ഒത്തുനോക്കിയാണ് പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നത്.സർക്കാർ മുൻപ് ആകാശ സർവേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സാധ്യതാ പഠനത്തിനുള്ള അലൈൻമെന്റ് സർവേ രേഖ ഒരുക്കിയത്. ആകാശ സർവേയിൽ പലയിടത്തും സർവേ നമ്പർ വിട്ടുപോയിട്ടുണ്ട്. ചില മേഖലയിൽ കൂടുതൽ സർവേ നമ്പറുകളും വന്നു. ഇതെല്ലാം വില്ലേജ് സർവേ നമ്പറുമായി പരിശോധിച്ച ശേഷം സർവേ പുനരാരംഭിക്കുമെന്നാണ് റവന്യു വിഭാഗം പറയുന്നത്.





