
താമരശ്ശേരി : താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിൽ ഒരേക്കറോളം വരുന്ന തരിശു ഭൂമിയിൽ താമരശ്ശേരിയിലെ റോട്ടറി ക്ലബ്ബ് കൃഷിയിറക്കി. കൃഷിഭവന്റെ തരിശുനില കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ തരിശു നിലം കൃഷിയോഗ്യമാക്കിയത്.
പടവലം, ചരങ്ങ, പാവല്‍, കക്കിരി, വെണ്ട, പയര്‍, എളവന്, വെള്ളരി, മത്തന്‍. ചീര, കോളി ഫ്ളവര്‍, തക്കാളി തുടങ്ങി നിരവധി പച്ചക്കറികളാണ് റോട്ടറി ക്ലബ്ബ് വിളയിച്ചെടുത്തത്. വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ക്ലബ്ബ് അംഗങ്ങൾ രാവിലെയും വൈകിട്ടും മറ്റു ഒഴിവു സമയങ്ങളിലുമാണ് കൃഷി ചെയ്തത്.
വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ സത്താര്‍ നിര്‍വ്വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡണ്ട് വിജോഷ് കെ ജോസ് തലയാട് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഫസീല ഹബീബ്, കൃഷി ഓഫീസര്‍ എം എം സബീന, റോട്ടറി അസി. ഗവര്‍ണര്‍ കെ പി അനില്‍കുമാര്‍ മുക്കം തുടങ്ങിയവര്‍ പങ്കെടുത്തു.





