
കോഴിക്കോട്: സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ജില്ലയിൽ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി യുഎസിൽ ചികിത്സയ്ക്കു പോയതിനെ തുടർന്നു നേരത്തേ മാറ്റിവച്ച പരിപാടിയാണു നാളെ നടത്തുന്നത്. ഹോട്ടൽ സമുദ്രയിൽ നാളെ വൈകിട്ടു മൂന്നരയ്ക്കാണു യോഗം.
അതേസമയം, യോഗം നടക്കുന്ന വേദിയിലേക്കു കെ–റെയിൽ വിരുദ്ധ സമര സമിതി മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്ടു നിന്ന് ആരംഭിച്ച സിൽവർലൈൻ വിരുദ്ധ യാത്ര നാളെയാണു ജില്ലയിലെത്തുന്നത്. ഈ യാത്ര മുഖ്യമന്ത്രിയുടെ വിശദീകരണ വേദിയിലേക്കു സംഘടിപ്പിക്കാനാണു തീരുമാനം. സിൽവർലൈൻ പദ്ധതിയെ എതിർക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളോടു സമര സമിതി മാർച്ചിനു പിന്തുണ തേടിയിട്ടുണ്ട്.





