
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസികളെ സുരക്ഷിതമായി പാർപ്പിക്കാനുള്ള ഭൗതികസൗകര്യവും പരിചരണവും സുരക്ഷയും ഉറപ്പാക്കാനുള്ള ജീവനക്കാരും ആവശ്യത്തിനില്ലെന്ന് ജില്ലാ നിയമസേവന അതോറിറ്റി ചെയർപേഴ്‌സൺ പി. രാഗിണി. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഹൈക്കോടതിക്ക് രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും അവർ പറഞ്ഞു.
മാനസികാരോഗ്യകേന്ദ്രത്തിലെ കൊലപാതകം, രണ്ടുപേർ ചാടിപ്പോയ സംഭവം എന്നിവയുടെ പശ്ചാത്തലത്തിൽ അവിടെ സന്ദർശിക്കാനെത്തിയതായിരുന്നു അവർ. മാനസികാരോഗ്യകേന്ദ്രം മോണിറ്ററിങ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയാണ് ജില്ലാ ജഡ്ജിയായ പി. രാഗിണി. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി. ഷൈജലും ഒപ്പമുണ്ടായിരുന്നു.
473 അന്തേവാസികളെ നിയന്ത്രിക്കാനായി മൂന്നു സുരക്ഷാജീവനക്കാരാണുള്ളത്. നഴ്‌സിങ് ജീവനക്കാരുടെ എണ്ണവും പരിമിതമാണ്. മാനസികാരോഗ്യകേന്ദ്രത്തിനായി സമഗ്രപദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എസ്റ്റിമേറ്റ് പൂർത്തിയാക്കി സൗകര്യങ്ങളുറപ്പാക്കാൻ ഇനിയും സമയമെടുക്കുമെന്നതാണ് സ്ഥിതി. ഹൈക്കോടതി മുഖേനെ സർക്കാരിനെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. മാനസികാരോഗ്യകേന്ദ്രങ്ങളിലെ അപര്യാപ്തതകളെക്കുറിച്ച് 1996-ൽ വന്ന റിട്ട് ഹർജിയിൽ ഹൈക്കോടതി നടപടികൾ തുടരുന്നുണ്ട്. ഇവിടത്തെ സാഹചര്യവും പ്രശ്നങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും.
ഭിത്തിതുരന്ന് അന്തേവാസികൾ രക്ഷപ്പെട്ട സംഭവം കുറേനാൾ മുമ്പുണ്ടായതാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടാനുള്ള പരിശീലനമോ വൈദഗ്ധ്യമോ ഇവിടെയുള്ള ജീവനക്കാർക്കില്ല. കോവിഡ് സാഹചര്യത്തിൽ ഒന്നിച്ച് ആളുകളെ പാർപ്പിക്കാൻ പാടില്ലെങ്കിലും ഒരു മുറിയിൽത്തന്നെ മൂന്നുപേരെ താമസിപ്പിക്കേണ്ട സ്ഥിതിയാണ്. സൗകര്യങ്ങളില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പാർപ്പിക്കേണ്ടിവരുന്നത്. ശാന്തരായിരിക്കുന്നവർ അപ്രതീക്ഷിതമായാണ് അക്രമസ്വഭാവം കാണിക്കുക. കുറേക്കൂടി ഫലപ്രദമായി പ്രവർത്തിക്കാൻ കൂടുതൽ ജീവനക്കാരും മികച്ച പരിശീലനവും വേണം. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ട് നൽകുകയെന്നും അവർ പറഞ്ഞു.
മാനസികാരോഗ്യകേന്ദ്രത്തിലെ പരിശോധന നടത്തുകയും ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അഡീഷണൽ ഡി.എം.ഒ. പീയൂഷ് നമ്പൂതിരിപ്പാട്, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രമേശൻ, മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.





