വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീൻ അന്തരിച്ചു; സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ട് ദുഃഖാചരണം

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ (79) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 10.30ഓടെയായിരുന്നു അന്ത്യം.30 വർഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു. 1991 മുതൽ സംഘടനയുടെ പ്രസിഡന്റാണ്. ഖബറടക്കം നാളെ വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനിൽ നടക്കും
ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻഡ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്ലാം എൽ.പി. സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു.1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്റ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
ആദര സൂചകമായി 11-02-2022 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ട് ഹർത്താൽ ആചരിക്കുമെന്ന് ദുഃഖാചരണം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു





