അധികാരത്തിന്റെ വേട്ടയാടലുകൾക്കു മുന്നിൽ തലകുനിക്കാത്ത സമരവീര്യം’; കാലടി സർവകലാശാലയിലെ വിദ്യാർഥികളെ അഭിനന്ദിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ത്യാഗനിർഭരമായ പോരാട്ടത്തിലൂടെ നീതിയും അവകാശങ്ങളും തിരിച്ചുപിടിച്ച കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾക്ക് അഭിവാദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
അധികാരത്തിന്റെ വേട്ടയാടലുകൾക്കു മുന്നിൽ തലകുനിക്കാതെ അനിശ്ചിതകാല നിരാഹാര സമരത്തിലൂടെ അത്യുജ്വലമായ മുന്നേറ്റമാണ് വിദ്യാർഥികൾ നടത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു. തെറ്റുചെയ്യാതെ മാപ്പ് പറയില്ലെന്ന വിദ്യാർഥികളുടെ ഉറച്ച നിലപാട് ക്യാമ്പസുകളിലെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഓരോ വിദ്യാർഥിക്കും വലിയ ആവേശമാണ്.
22 ദിവസത്തോളമാണ് കാലടിയിലെ വിദ്യാർഥികൾ നിരാഹാരമിരുന്നത്. സംഘപരിവാറിന്റെയും യുഡിഎഫ് സർക്കാരിന്റെയും സംയുക്ത ആക്രമണമാണ് വിദ്യാർഥികൾക്ക് നേരെ ഉണ്ടായതെന്നും ഈ രണ്ട് അജണ്ടകളെയും വിദ്യാർഥി സമരം ചെറുത്ത് തോൽപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സസ്പെൻഷൻ റദ്ദാക്കുകയും പരീക്ഷ എഴുതാൻ അവസരമൊരുക്കുകയും ചെയ്ത ഹൈക്കോടതി വിധി സത്യത്തിന്റെയും വിദ്യാർഥി ഐക്യത്തിന്റെയും വിജയമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിജയകിരീടം ചൂടിയ സമരപോരാളികൾക്ക് ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ നേരുന്നതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.





