ബുക്കിങ് ഫുൾ, പക്ഷേ തീർഥാടകർ എവിടെ?’; ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവ്, അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷണം

ശബരിമല : ശബരിമലയിൽ തീർഥാടകരുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രി കെ മുരളീധരൻ നിർദേശിച്ചു. എഡിജിപി പി വിജയനോടും ദേവസ്വം ബോർഡിനോടുമാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്തവരുടെ എണ്ണവും ദർശനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടായതാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം വേണമെന്ന് നിർദേശം വന്നത്.ദിവസവും വിർച്വൽ ക്യൂ വഴി 66,000 പേർക്കാണ് ശബരിമലയിൽ ദർശനത്തിന് അവസരമുള്ളത്. ജനുവരി 9 വരെയുള്ള എല്ലാ ദിവസത്തേക്കും വിർച്വൽ ക്യൂ ബുക്കിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്.
എന്നാൽ, വ്യാഴാഴ്ച ശബരിമലയിൽ എത്തിയത് 46603 തീർഥാടകരാണ്. ബുധനാഴ്ചയും വിർച്വൽ ക്യൂ ബുക്കിങ് പൂർണമായിരുന്നെങ്കിലും 37,000 തീർഥാടകർ മാത്രമാണ് ദർശനത്തിന് എത്തിയത്. ബുക്കിങ് പൂർണമായിരിക്കെ എത്തുന്നവരുടെ എണ്ണം കുറയുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാനാണ് ഇപ്പോഴത്തെ നിർദേശം.





