Ernakulam

മുഖം സിസിടിവിയിൽ പതിഞ്ഞില്ല….ബൈക്ക് നമ്പറും കിട്ടിയില്ല, ഒടുവിൽ മൊബൈൽ ലൊക്കേഷൻ കുടുക്കി’; ഹരിതകർമസേനാംഗത്തിന് നേരെയുണ്ടായ ലൈംഗികാതിക്രമകേസിൽ 29കാരൻ അറസ്റ്റിൽ

Please complete the required fields.




കൊച്ചി : ഹരിതകർമസേനാംഗമായ വയോധികയ്ക്ക് നേരെ 29കാരന്റെ ലൈംഗികാതിക്രമം. എഴുപതുകാരിയായ ഹരിത കർമസേനാംഗം നൽകിയ പരാതിയിൽ ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയായ യാസിർ അഫ്രീദ് (29) അറസ്റ്റിലായി. എംജി റോഡിലെ സിനിമ കോംപ്ലക്സിനകത്തുള്ള ഒരു കോഫി ഷോപ്പിലെ ജീവനക്കാരനാണ് പ്രതി.

ഇന്ന് രാവിലെ ഫോർട്ട് കൊച്ചിയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് വയോധിക അതിക്രമം നേരിട്ടത്. രാത്രി പല സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം ശേഖരിച്ച് മാലിന്യ കേന്ദ്രത്തിലെത്തിച്ച ശേഷം തിരിച്ചു പോവുകയായിരുന്നു വയോധിക.
ഇത്തരത്തിലാണ് നഗരത്തിലെ ഹരിത കർമസേനാംഗങ്ങൾ ജോലി ചെയ്യുന്നത്. ഇതിനിടെയാണ് ഒരു സുഹൃത്തിനെ യാത്രയയ്ക്കാൻ പോയ ശേഷം തിരികെ വരികയായിരുന്ന യാസിർ വയോധികയെ കണ്ടത്. തുടർന്ന് ബൈക്ക് നിർത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വയോധികയെ കടന്നുപിടിച്ച് നിലത്തേക്ക് വലിച്ചിടുകയായിരുന്നു.

ആക്രമണം ചെറുത്ത വയോധിക ഉറക്കെ നിലവിളിച്ചതോടെ സമീപത്തുള്ള നായ്ക്കളും കുരച്ചുകൊണ്ട് ഓടിയെത്തി. ഇതോടെ ശ്രമം ഉപേക്ഷിച്ച് പ്രതി ബൈക്കിൽ കടന്നുകളയുകയായിരുന്നു. കൈക്ക് പരുക്ക് പറ്റുകയും മുഖത്ത് നഖംകൊണ്ടുള്ള പോറലുകളുമേറ്റ വയോധിക പിറ്റേന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് വയോധിക പരാതിയിൽ പറഞ്ഞിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ബൈക്കിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ വാഹന നമ്പറോ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ പ്രതിയുടെ മുഖത്തിന്റെ ചിത്രമോ ലഭിച്ചില്ല.
തുടർന്ന് ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന മൊബൈൽ ഫോണുകളുടെ ലൊക്കേഷനുകൾ കൂടി പരിശോധിച്ച പൊലീസ് പ്രതിയിലേക്ക് എത്തുകയായിരുന്നു. വയോധിക പരാതി നൽകിയതായി അറിഞ്ഞിട്ടില്ലാത്തതിനാൽ ഇയാൾ പതിവുപോലെ ജോലിക്കു പോവുകയും ചെയ്തിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

യാസിർ മുൻപ് ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങി ഇയാളുടെ പശ്ചാത്തലമടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. ബിഎൻഎസ് 62 റെഡ് വിത് 64, 74, 75, 76, 78 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Related Articles

Back to top button