Kollam

മകളുടെ കണ്ണീരൊപ്പാൻ ഓടിയെത്തി, മരുമകന്റെ തടിക്കഷണം കൊണ്ടുള്ള അടിയേറ്റ് അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




കൊല്ലം : കുടുംബവഴക്കിനിടെ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമളയാണ്‌ (65) മരിച്ചത്.

മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ ശിവനെ (41) പൊലീസ്‌ അറസ്റ്റ് ചെയ്തു. ഞായർ വൈകിട്ടാണ് ആക്രമണം. ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസം. ഭർത്താവുമായുള്ള വഴക്ക് പതിവായതോടെ രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി.
ഇതറിഞ്ഞ് പിന്നാലെയെത്തിയ ശിവൻ ശ്യാമളയുമായും രജനിയുമായും വഴക്കുണ്ടാക്കി. അക്രമാസക്തനായ ശിവനിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും അയൽവീട്ടിലേക്ക് ഓടി. പിന്തുടർന്നെത്തിയ ശിവൻ തടിക്കഷണം ഉപയോഗിച്ച് ശ്യാമളയെ അടിച്ചുവീഴ്ത്തുകയായിരുന്നു.

രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്യാമളയ്ക്ക് അടിയേറ്റത്. തലപിളർന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഭരണിക്കാവിലെയും അടൂരിലെയും സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചു.തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ചൊവ്വ പുലർച്ചെ മൂന്നിനാണ് മരണം. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: രാഘവൻ. മറ്റുമക്കൾ: രഞ്ജിനി, രജിത. മറ്റുമരുമകൻ: മുരളി.

Related Articles

Back to top button