
തിരുവനന്തപുരം: കഴക്കൂട്ടത്ത് കുട്ടിയെ കൊണ്ട് കാറോടിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരോട് കമീഷൻ റിപ്പോർട്ട് തേടി.ഇന്ന് രാവിലെയാണ് കുട്ടി കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഡ്രൈവിങ് സീറ്റിൽ ഒപ്പമിരുത്തി കുട്ടിയെ കൊണ്ട് സ്റ്റിയറിങ്ങിൽ പിടിപ്പിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കാറിന് സമീപത്തൂടെ പോയ കൊല്ലം ഇളമ്പൽ സ്വദേശികളായ യാത്രക്കാരാണ് ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് സംഭവം. വാഹനങ്ങൾ ചീറിപായുന്ന റോഡിലൂടെയാണ് കുടുംബം കുട്ടിയെ ഇരുത്തി അതിസാഹസിക യാത്ര നടത്തിയത്. ഒരു സമയം വരെ കുട്ടി തന്നെയാണ് സ്റ്റിയറിങ് നിയന്ത്രിക്കുന്നത്.
പിന്നീടാണ് ഡ്രൈവർ സ്റ്റിയറിങ്ങിൽ പതിയെ കൈ വയ്ക്കുന്നത്. കഴിഞ്ഞ ദിവസം 17കാരൻ ഓടിച്ച വാഹനം ഇടിച്ച് മധ്യവയസ്കൻ മരിച്ച സംഭവം കൺമുന്നിൽ നിൽക്കുമ്പോഴാണ് മൂന്നോ നാലോ വയസ്സ് മാത്രമുള്ള കുട്ടിയെ കൊണ്ട് വാഹനം ഓടിപ്പിച്ചത്.





