Kozhikode

കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു പാക്കേജ് കേരളത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു

Please complete the required fields.




കോഴിക്കോട്: അറുപത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തിരിതെളിഞ്ഞു. ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ മേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്‍ പി ടി ഉഷ മുഖ്യമന്ത്രിക്ക് ദീപശിഖ കൈമാറി. നാലായിരത്തോളം കൗമാര കായികതാരങ്ങളാണ് വര്‍ണാഭമായ ചടങ്ങിന് മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി സാസ്‌കാരിക പരിപാടികളും അരങ്ങേറി.

ഈ സര്‍ക്കാര്‍ കായിക മേഖലയ്ക്ക് വലിയ മുന്‍ഗണന കൊടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട്ടില്‍ നിന്ന് പുറത്തേക്ക് ഏത് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന കുട്ടികള്‍ക്കും അവരുടെ ടിഎയും ഡിഎയും ചിലവും ഉറപ്പായും കൊടുത്തിരിക്കും. ഇത് കായികമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും പറഞ്ഞിട്ടുണ്ട്. കാരണം കുട്ടികള്‍ പലരും കടം വാങ്ങിച്ചും സംഘടിപ്പിച്ചും മാതാപിതാക്കള്‍ ഓടി നടന്നുമാണ് പോകുന്നത്. ഇനി അങ്ങനെയൊരു നിലവരാന്‍ പാടില്ല. വിദ്യാഭ്യാസമന്ത്രിയേയും കായികമന്ത്രിയേയും സാക്ഷി നിര്‍ത്തിക്കൊണ്ട് ഞാന്‍ പറയുന്നു, കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു പാക്കേജ് കേരളത്തിലുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് ഷട്ടില്‍ കോക്കുകള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ ഉദ്ഘാടന വേദിയില്‍ പി ടി ഉഷ വിമര്‍ശിച്ചു,. ഷട്ടില്‍ കോക്കുകള്‍ വിലയേറിയതാണ്.
കായികതാരങ്ങള്‍ക്ക് ഷട്ടില്‍ കോക്കുകള്‍ മേളയില്‍ സര്‍ക്കാര്‍ സ്വന്തം ചെലവില്‍ നല്‍കണമെന്ന് പിടി ഉഷ പറഞ്ഞു. കായികതാരങ്ങള്‍ സ്വന്തം നിലയില്‍ ഷട്ടില്‍ കോക്കുകള്‍ കൊണ്ടുവരണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. കായികതാരങ്ങളും രക്ഷിതാക്കളും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

കായികമേളയ്ക്കായി എത്തിയ ആദ്യ ബാച്ച് താരങ്ങളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. പോരായ്മകള്‍ ഇല്ലാതെ മേള നടത്താന്‍ എല്ലാ കാര്യങ്ങളും പരിശോധിച്ചു ഉറപ്പുവരുത്തിയെന്ന് മന്ത്രി പറഞ്ഞു.

Related Articles

Back to top button