India

പൊലീസുകാരെയും പറ്റിച്ച വിരുതൻ! ഒരേ ബാച്ചിലെ 20 വനിതാ പൊലീസുകാരെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചെന്ന് പരാതി; യുവാവ് പിടിയിൽ

Please complete the required fields.




ഒരേ ബാച്ചിലെ 20 ഓളം വനിതാ പൊലീസുകാരെ വിവാഹവാഗ്ദാനം നൽകി വഞ്ചിക്കുകയും പണം തട്ടുകയും ചെയ്ത യുവാവ് പിടിയിൽ. പണക്കാരനെന്ന് ചമഞ്ഞാണ് യുവാവ് പൊലീസുകാരെ ഇരകളാക്കിയത്.

ആഡംബര ഹോട്ടലുകളിലെ ചിത്രങ്ങളും വിഡിയോകളും ലക്ഷ്വറി കാറുകളിലെ യാത്രകളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്. ഡൽഹിയിലെ ബുരാരി സ്വദേശിയായ വിക്രാന്ത് ടോമറാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്.

കരോൾബാഗ് പൊലീസ് സ്റ്റേഷനിൽ നിയമിതയായ വനിതാ പൊലീസുകാരി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വനിതാ പൊലീസുകാരെ ആകർഷിക്കാനുള്ള പ്രധാന മാർഗമായി ടോമർ കണ്ടത് ഇൻസ്റ്റഗ്രാം അക്കൗണ്ടാണെന്ന് ഡൽഹി പൊലീസ് പറയുന്നു.

യുവതികളുടെ വിശ്വാസം നേടിയശേഷം വിവാഹവാഗ്ദാനം നൽകും. പിന്നാലെ വിവിധ കാരണങ്ങൾ പറഞ്ഞ് പണം തട്ടും. ഇതായിരുന്നു പ്രതിയുടെ രീതി. ആഢംബര കാറുകൾ വാടകയ്‌ക്കെടുത്താണ് ഇയാൾ വനിതാ പൊലീസുകാരെ പുറത്തുകൊണ്ടുപോയിരുന്നത്. ഒരേ ബാച്ചിലെ 20 വനിതാ പൊലീസുകാരെ ഈ രീതിയിൽ ഇയാൾ വലയിലാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.എന്നാൽ, ഇവരിൽ പലരും പരാതി നൽകാൻ തയാറായിരുന്നില്ല. നിലവിൽ ടോമറിനൊപ്പം കഴിയുന്ന പങ്കാളിയും വനിതാ പൊലീസുകാരിയാണെന്ന് അന്വേഷണസംഘം പറഞ്ഞു. പങ്കാളിയായ പൊലീസുകാരിയിൽനിന്നാണ് മറ്റ് വനിതാ പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ ശേഖരിച്ചിരുന്നതെന്നും ഡൽഹി പൊലീസ് പറയുന്നു.

യുവതികളിൽനിന്ന് തട്ടിയെടുക്കുന്ന പണം വൺഎക്സ് ബെറ്റിങ് ആപ്പുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെയാണ് കൈമാറിയിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഈ പണം എന്തിനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.സമാനമായ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ടോമറിനെതിരെ അഞ്ച് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, ഒരു കേസുമായി ബന്ധപ്പെട്ട് ഈ ജൂണിലാണ് ജാമ്യം നേടി ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. വിക്രാന്ത് ടോമറിനെ ജില്ലാ സൈബർ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

Related Articles

Back to top button