Thiruvananthapuram

ജനറിക് മരുന്നുകൾക്ക് സി.പി.എം എതിരല്ല; അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇളംതലമുറ ഒരു പരീക്ഷണവസ്തുവായി മാറരുത്’ – പിണറായി വിജയൻ

Please complete the required fields.




തിരുവനന്തപുരം: സി.പി.എം ജനറിക് മരുന്നുകൾക്ക് എതിരല്ലെന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികള്‍ക്ക് ‘ക്ലിനിക്കല്‍ ട്രയല്‍’ ലേബലുള്ള മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഇട നൽകിയത് സര്‍ക്കാര്‍ തലത്തിലെ വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളുമാണ്.ഇത്തരത്തിലുള്ള ഒരു പ്രശ്നത്തിന്റെ ഗൗരവം സര്‍ക്കാര്‍ വേണ്ടത്ര ഉള്‍ക്കൊള്ളുകയോ രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കാന്‍ രംഗത്തുവരികയോ ചെയ്തില്ലെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

വിവാദം മാധ്യമങ്ങളില്‍ വന്ന സമയത്ത് ഇതു സംബന്ധിച്ച് തനിക്കറിയില്ല, എസ്.എ.ടിയിലെ ഡോ. മിനിയോട് ചോദിക്കണം എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മന്ത്രി ആദ്യം ചെയ്തത്. വിഷയത്തെ വഴിതിരിച്ചു വിട്ട്, അത് ജനറിക്ക് മരുന്നുകള്‍ക്കെതിരായ നീക്കമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.

കൂടിയ വിലക്ക് മരുന്ന് വില്‍ക്കുന്ന സ്വിസ് കമ്പനിക്ക് വേണ്ടിയാണോ ഈ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് എന്നുപോലും പറയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഇതൊന്നുമല്ല വിഷയം. വന്‍കിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാന്‍ ജനറിക് മരുന്നുകള്‍ ആവശ്യമാണെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്.ഇന്ത്യന്‍ പേറ്റന്റ് നിയമഭേദഗതിയിലും (2005) നൊവാര്‍ട്ടിസ് കേസിലും ജീവന്‍രക്ഷാ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിലും സി.പി.എമ്മിന്‍റെ പങ്ക് നിര്‍ണായകമാണ്.

ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മരുന്നുകളുടെ ‘എവര്‍ഗ്രീനിങ്’ തടയുന്ന സെക്ഷന്‍ 3(d) ഇന്ത്യന്‍ പേറ്റന്‍റ് നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. മരുന്ന് വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചും മന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുട്ടികളുടെ തുടര്‍ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.

ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ ആവശ്യമില്ല എന്ന വിശദീകരണം മുഖവിലക്കെടുത്താല്‍ തന്നെ, പിന്നെന്തിന് ക്ലിനിക്കല്‍ ട്രയലിന് എന്ന് രേഖപ്പെടുത്തിയ മരുന്ന് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്തു എന്ന് പറയേണ്ടതല്ലേ? ഇവിടത്തേക്കല്ലെങ്കില്‍ ഏതു രാജ്യത്തിന് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് അങ്ങനെ ഒരു ‘ട്രയല്‍’? ക്ലിനിക്കല്‍ ട്രയലിന് എന്ന് വ്യക്തമായി രേഖപ്പെടുത്തിയ മരുന്ന് എങ്ങനെ വിതരണം ചെയ്യപ്പെട്ടു?
അത് ഇവിടത്തെ രോഗികളില്‍ പരീക്ഷണം നടത്താനുള്ള കുറുക്കുവഴി ആയിരുന്നോ? എന്തുകൊണ്ട്, അത്തരം ‘പരീക്ഷണ മരുന്ന്’ എന്ന് പ്രകടമായി രേഖപ്പെടുത്തിയ മരുന്ന് കൊടുക്കാനുള്ള സാഹചര്യം രോഗികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയില്ല?

എങ്ങനെ അത്തരം മരുന്ന് സര്‍ക്കാര്‍ സംവിധാനത്തിലെത്തി? ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടോ? ഇങ്ങനെയുള്ള അനേകം സംശയങ്ങള്‍ പൊതു സമൂഹത്തിനു മുന്നിലുണ്ട്. അവയ്ക്കാണ് ഉത്തരം വേണ്ടത്. അതിനു പകരം വിഷയം ഉന്നയിക്കുന്നവരെ അധിക്ഷേപിച്ച് സര്‍ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Related Articles

Back to top button