World

പള്ളിയിൽ കുർബാന നടക്കുന്നതിനിടെ നടുക്കുന്ന അപകടം; ചുമരിൽനിന്ന് കുരിശ് ഇളകിവീണ് വൈദികന് ദാരുണാന്ത്യം

Please complete the required fields.




പള്ളിയിൽ കുർബാന തത്സമയ സംപ്രേഷണം നടത്തുന്നതിനിടെ പിന്നിലിരുന്ന ഭീമൻ മരക്കുരിശ് ദേഹത്തേക്ക് വീണ് കത്തോലിക്കാ വൈദികന് ദാരുണാന്ത്യം.

തെക്കേ അമേരിക്കൻ രാജ്യമായ എക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിലുള്ള ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിലാണ് ഒക്ടോബർ 17 -ന് അപകടമുണ്ടായത്. ഉയരത്തിൽ നിന്നും തലയിൽ കുരിശ് വീണ് ഫാ. പട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്.

പള്ളിയിലെ അൾത്താരയ്ക്ക് സമീപം നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഫാ. പട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരി. അദ്ദേഹത്തിന് പിന്നിലെ ചുമരിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മരക്കുരിശ് അപ്രതീക്ഷിതമായി ഇളകി നേരെ വൈദികന്‍റെ തലയിൽ വീഴുകയായിരുന്നു.

കുരിശ് തലയിൽ വീണതിന്‍റെ ആഘാതത്തിൽ വൈദികനും താഴേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. പള്ളിയിലെ ശുശ്രൂഷ തത്സമയം സംപ്രേഷണം ചെയ്തിരുന്നതിനാൽ അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കുരിശ് വീണതോടെ പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ പരിഭ്രാന്തരായി നിലവിളിക്കുകയും വൈദികനെ സഹായിക്കാൻ ഓടിയെത്തുകയും ചെയ്തു. അടിയന്തര വൈദ്യസഹായത്തിനായി ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒക്ടോബർ 18 -ന് ഗ്വായാക്വിൽ അതിരൂപത വൈദികന്‍റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സഭാ സമൂഹത്തിനും അനുശോചനം അറിയിച്ചു. 1732-ൽ സ്ഥാപിതമായ കത്തോലിക്കാ സന്യാസ സമൂഹമായ കോൺഗ്രിഗേഷൻ ഓഫ് ദ മോസ്റ്റ് ഹോളി റിഡംപ്റ്ററിലെ അംഗമായിരുന്നു ഫാ. മൊളിനാരി.

അതേസമയം, കൂറ്റൻ കുരിശ് ചുമരിൽനിന്ന് ഇളകിവീഴാനുണ്ടായ കാരണം വ്യക്തമല്ല. കുരിശ് സ്ഥാപിച്ച രീതിയിലോ കെട്ടിടത്തിന്‍റെ ഘടനയിലോ തകരാറുണ്ടായിരുന്നോവെന്ന കാര്യത്തിലും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

Related Articles

Back to top button