Ernakulam
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡനം; ദുബായിൽ ഒളിവിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി

കൊച്ചി: യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേലാവൂർ സ്വദേശി അബ്ദുൾ ബാസിദാണ് (29) പിടിയിലായത്.
കുറ്റം ചെയ്ത ശേഷം പ്രതി വിദേശത്തേക്ക് കടന്നതിനെ തുടർന്ന് പോലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോൾ, ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു.
തുടർന്ന് വിമാനത്താവള അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കരിപ്പൂരിലെത്തിയ പാലാരിവട്ടം പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.





