അമിത വേഗത സുഹൈലിന് ഹരമോ …?’; മിനി കൂപ്പർ മതിലിൽ ഇടിച്ച് മുൻപും അപകടമുണ്ടാക്കി, പഴയ കേസ് ഒത്തുതീർപ്പാക്കിയത് രാഷ്ട്രീയ ഇടപെടലിലൂടെയെന്ന്

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈൽ സജീവ് മുമ്പും അപകടമുണ്ടാക്കിയെന്ന് സൂചന.
2025-ൽ ആലപ്പുഴ മംഗലത്ത് അമിതവേഗത്തിൽ എത്തിയ ചുവന്ന നിറത്തിലുള്ള KL 13 A R 0007 എന്ന മിനി കൂപ്പർ വീടിന്റെ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഉൾപ്പെട്ടത് സുഹൈൽ സജീവും സുഹൃത്തുക്കളുമെന്നാണ് സംശയം. അപകടത്തിനുശേഷം ഇതേ കാറുമായി യുവാക്കൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
അപകടമുണ്ടാക്കിയ മിനി കൂപ്പർ കാർ സുഹൈലിന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് കേസ് ഒത്തുതീർപ്പാക്കിയത് ആലപ്പുഴയിലെ രാഷ്ട്രീയ നേതൃത്വം ഇടപെട്ടാണെന്ന് പറയുന്നു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും കേസ് എടുക്കാതെ സ്റ്റേഷനിൽ നിന്ന് വിട്ടയക്കുകയായിരുന്നു. സുഹൈൽ മുൻപ് അപകടങ്ങളിൽ ഉൾപ്പെട്ടിരുന്നോ എന്ന സംശയത്തിലാണ് പഴയ കേസ് വീണ്ടും ഉയർന്നു വന്നത്.
അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഉടൻ വരും. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. മുഖ്യപ്രതി സുഹൈൽ സജീവിന്റെ മാതാപിതാക്കളുടെ മൊഴി ഉടൻ രേഖപ്പെടുത്തും.
നെടുമ്പാശ്ശേരി അപകടത്തിൽ ബാറുകളോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു പറഞ്ഞു. വിശദീകരണം തേടിയ ശേഷം മാത്രമായിരിക്കും നടപടി ഉണ്ടാകുക. അതുവരെ ഈ ബാറുകൾ താത്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും സീറാം സാംബശിവറാവു വ്യക്തമാക്കി.





