Ernakulam

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റർ സ്ഥാപനങ്ങളുടെ സിഇഒ അറസ്റ്റിൽ

Please complete the required fields.




കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ആംസ്റ്റർ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജി അറസ്റ്റിൽ. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’, ‘ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്’ എന്നീ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജിയെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് നടപടി. അർമീനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസുകൾ.

വിദേശത്തുനിന്ന് എത്തിയ പാർവതി മായ ഷാജിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇരു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തൃശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവിന് അർമേനിയയിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നതാണ് ആദ്യ കേസ്. പണം നഷ്ടപ്പെട്ട യുവാവിന്റെ ഭാര്യ നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനമാണ് 2023 ഡിസംബറിൽ പണം കൈപ്പറ്റിയതെന്നും പിന്നീട് ജോലിയോ പണമോ നൽകിയില്ലെന്നും എഫ്ഐആറിൽ പറയുന്നു. തുക തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്, പാർവതി മായ ഷാജി, ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവർക്കെതിരെയാണ് ബിഎൻഎസ് വകുപ്പുകളും എമിഗ്രേഷൻ ആക്ടും പ്രകാരം കേസെടുത്തിട്ടുള്ളത്. പോളണ്ടിലെ വെയർഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് കുന്നത്തുനാട് തിരുവാണിയൂർ സ്വദേശിയായ യുവാവിൽ നിന്ന് 6.06 ലക്ഷം രൂപ തട്ടിയെടുത്തെന്നതാണ് രണ്ടാമത്തെ കേസ്. 2023 ജൂലൈ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി 4.96 ലക്ഷം രൂപയും വിമാന ടിക്കറ്റിനായി 1.10 ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ പോളണ്ടിൽ ജോലി നൽകാതെ പരാതിക്കാരനെ സെർബിയയിലേക്ക് അയച്ച് ചതിക്കുകയായിരുന്നുവെന്നാണ് എഫ്ഐആറിലെ ആരോപണം.

പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ പാർവതി അനീഷ് (പാർവതി മായ ഷാജി), ജനറൽ മാനേജർ അജു കെ. മാത്യു, കോ-ഓർഡിനേറ്റർ അഭിജിത്ത് എസ്. നായർ, പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്നീ പേരുകൾക്കെതിരെയാണ് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ചുമത്തിയത്. ഇരു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button