ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് മുന്നറിയിപ്പുമായി സി.ജെ.പി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സി.ജെ.പി മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷനെയും ഗ്യാനേഷ് കുമാറിനെയും രൂക്ഷമായി വിമർശിച്ച അഭിജീത് ദീപ്‌കെ, ഗ്യാനേഷ് കുമാറിനെ ‘ഏറ്റവും വലിയ രാജ്യദ്രോഹി’യെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഏറ്റവും വലിയ ഭീഷണിയെന്നും വിശേഷിപ്പിച്ചു. കേന്ദ്രത്തിൽ ബി.ജെ.പിയെ തുടർച്ചയായി അധികാരത്തിൽ നിലനിർത്താൻ സഹായിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, ഗ്യാനേഷ് കുമാറാണെന്നാണ് അഭിജീത് ദീപ്‌കെയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനരീതിയെക്കുറിച്ചും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു.
കമീഷന്റെ നിലവിലെ തെരഞ്ഞെടുപ്പ് രീതികൾ പൂർണമായും മാറ്റണമെന്നും വിവാദമായ വോട്ടർ പട്ടിക സംക്ഷിപ്ത പുതുക്കൽ (എസ്.ഐ.ആർ) നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു. എസ്.ഐ.ആർ 2025ലെ വോട്ടർ പട്ടിക നിലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഫയലുകൾ സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കസ്റ്റഡിയിൽ നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കണമെന്ന ആവശ്യവും സി.ജെ.പി മുന്നോട്ടുവെച്ചിട്ടുണ്ട്.
സി.ജെ.പി സഹ-കൺവീനർ സൗരവ് ദാസ് പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഉന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി, ഗ്യാനേഷ് കുമാറിനും അദ്ദേഹത്തിന് നിർദേശം നൽകിയതായി ആരോപിക്കപ്പെടുന്നവർക്കുമെതിരെ ക്രിമിനൽ നടപടി, വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കൽ എന്നിവയാണ് ആവശ്യങ്ങൾ.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷൻ ഭരണപക്ഷത്തിന് വഴിവിട്ട സഹായങ്ങൾ നൽകുകയാണെന്നും വോട്ടവകാശം അട്ടിമറിക്കപ്പെടുകയാണെന്നും സി.ജെ.പി ആരോപിച്ചു. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും അഭിജീത് ദീപ്‌കെ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമീഷനിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സി.ജെ.പിയുടെ പുതിയ പ്രതിഷേധ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ വിവിധ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് 14 തവണ എതിർപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങളും രേഖാമൂലമുള്ള നിരീക്ഷണങ്ങളും ആഭ്യന്തര പരിശോധനകളും സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും എസ്.ഐ.ആർ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും തെരഞ്ഞെടുപ്പ് കമീഷനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനത്തിലും വോട്ടർ പട്ടിക പുതുക്കൽ നടപടികളിലും കൂടുതൽ സുതാര്യത വേണമെന്ന ആവശ്യമാണ് സി.ജെ.പി മുന്നോട്ടുവയ്ക്കുന്നത്. ഗ്യാനേഷ് കുമാർ രാജിവെക്കാത്ത പക്ഷം രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്നാണ് സംഘടനയുടെ പ്രഖ്യാപനം.




