Kerala

അഭിനയ കലയുടെ കിരീടം വച്ച രാജാവ്; ഓര്‍മകളില്‍ തിലകന്‍

Please complete the required fields.




അരങ്ങിലും അഭ്രപാളികളിലും കരുത്തുറ്റ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍ തിലകന്‍ ഓര്‍മയായിട്ട് 14 വര്‍ഷം. അഭിനയ ജീവിതത്തിന്റെ അവസാനം ഒറ്റപ്പെട്ടുപോയെങ്കിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു തിലകന്‍.നയം പരാജയപ്പെട്ടു എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തിയ നടനായിരുന്നു തിലകന്‍.
കഥാപാത്രമേതായാലും തിലകന്‍ ഫ്രെയിമില്‍ നിറഞ്ഞുനില്‍ക്കും. പ്രേക്ഷകരുടെ മനസ്സില്‍ പതിയും. അത് ആ നടനു മാത്രം അവകാശപ്പെട്ട നടനവൈഭവമായിരുന്നു. ഏതു കഥാപാത്രത്തിലേക്കും അയത്ന ലളിതമായി പ്രവേശിക്കാന്‍ കഴിയുമെന്നതാണ് തിലകന്റെ പ്രത്യേകത. പൂര്‍വമാതൃകകളില്ലാതെ തിലകനിലെ നടന്‍ അത് ഊതിക്കാച്ചിയ പൊന്നുപോലെ മനോഹരമാക്കുന്നു.ഓരോ കഥാപാത്രത്തിന്റെയും പിറവി. സവിശേഷമായ പിതൃഭാവങ്ങള്‍ അനശ്വരമാക്കി തിലകന്‍. സ്ഫടികത്തിലെ ചാക്കോമാഷിലും കിരീടത്തിലെ അച്യുതന്‍ നായരിലും ഈ വ്യത്യസ്തത കാണാം.

വിക്ഷോഭങ്ങള്‍ ഉള്ളിലൊതുക്കിയ പത്മരാജന്റെ മൂന്നാംപക്കത്തിലെ മുത്തച്ഛന്‍, തിലകനഭിനയിച്ച കഥാപാത്രങ്ങളില്‍ തലയെടുപ്പോടെ നില്‍ക്കുന്നു.മലയാള സിനിമയുടെ അഭിമാനവും ആത്മവിശ്വാസവുമായിരുന്നു തിലകന്‍. സാധാരണഗതിയില്‍ ഒരു നടനെ പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ അതുകൊണ്ടാണ് അദ്ദേഹത്തിന് അനായാസം തോല്‍പിക്കാനായത്. അനുഭവങ്ങളുടെ ചിന്തേരിട്ടു മിനുക്കിയ പാഠങ്ങളിലായിരുന്നു തിലകന്‍ തന്നിലെ നടനെ പുതുക്കിയെടുത്തത്. ഭാവഗരിമയാര്‍ന്ന കഥാപാത്രങ്ങളായിരുന്നു ഓരോന്നും.
ഗൗരവമുളള കഥാപാത്രങ്ങള്‍ക്കൊപ്പം സ്വന്തം ഇമേജിനെക്കുറിച്ച് വേവലാതികൊള്ളാതെയുള്ള തിലകന്‍ വേഷങ്ങളും നിരവധിയാണ്.സത്യന്‍ അന്തിക്കാടിന്റെ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ ദാമോദര്‍ജിയായുള്ള പകര്‍ന്നാട്ടം വേറിട്ട കഥാപാത്രങ്ങളിലൊന്നാണ്. ജീവിതസായാഹ്നത്തില്‍ അഭിനയിച്ച കഥാപാത്രങ്ങളിലും അഭിനയത്തിന്റെ പുതിയ ആകാശങ്ങള്‍ തേടി തിലകന്‍. ചട്ടമ്പി, കുടിയന്‍, പുതുപ്പണക്കാരന്‍, പോലീസുകാരന്‍, ധനാഢ്യന്‍, ഏഷണിക്കാരന്‍, അദ്ധ്യാപകന്‍, കാര്യസ്ഥന്‍, മന്ത്രവാദി, നേതാവ്, എന്നിങ്ങനെ തിലകന്‍ എടുത്തണിയാത്ത വേഷങ്ങള്‍ കുറവാണ്.

Related Articles

Back to top button