
കോഴിക്കോട്: നഗരത്തിൽ തോപ്പയിൽ കടപ്പുറത്തിനു സമീപം ആവിക്കൽ തോടിന്റെ കരയിൽ ജനവാസമേഖലയിൽ ശുചിമുറിമാലിന്യ സംസ്കരണ പ്ലാന്റ് (സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ) നിർമിക്കാൻ മണ്ണു പരിശോധനയ്ക്കെത്തിയ സംഘത്തെ പ്രദേശവാസികൾ തടഞ്ഞതിനെത്തുടർന്നു സംഘർഷം. വാർഡ് കൗൺസിലർ സൗഫിയ അനീഷ് അടക്കം പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രദേശവാസികൾ 12 മണിക്കൂറോളം നടത്തിയ പ്രതിഷേധത്തിനൊടുവിൽ, ഇന്നു ചർച്ച നടത്താമെന്നു കലക്ടർ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് തോടിന്റെ പകുതിയോളം മൂടി സ്വീവേജ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധസമരങ്ങൾ നടന്നു വരികയാണ്. ഇന്നലെ രാവിലെ എത്തിച്ച മണ്ണുമാന്തിയന്ത്രങ്ങൾ ഉച്ചയോടെ തിരികെ കൊണ്ടുപോയെങ്കിലും മൂന്നു മണിയോടെ മണ്ണുകുഴിക്കാനുള്ള യന്ത്രങ്ങളുമായി വാഹനമെത്തി. നാട്ടുകാർ തടഞ്ഞതോടെ പൊലീസ് ലാത്തിവീശുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
വൈകിട്ടു നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ നാട്ടുകാർ തീരദേശ റോഡ് ഉപരോധിക്കുകയും ചെയ്തു. രാത്രി വൈകിയും പ്രതിഷേധം തുടർന്നു. ജനവാസമേഖലയിൽ പ്രദേശവാസികളെ അടിച്ചമർത്തി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോർപറേഷനിലെ 62,66,67 (മൂന്നാലിങ്കൽ, തോപ്പയിൽ, വെള്ളയിൽ) വാർഡുകളിൽ ഇന്നു തീരദേശ ഹർത്താൽ നടത്താൻ ജനകീയ കൂട്ടായ്മ തീരുമാനിച്ചു.





