Kozhikode

ഡ്രിപ്പ് ഇടാൻ കുപ്പിയില്ല; മെഡിക്കൽ കോളജുകളിൽ പ്രതിസന്ധി

Please complete the required fields.




കോഴിക്കോട്: രോഗികൾക്കു ഡ്രിപ്പ് നൽകാനുപയോഗിക്കുന്ന നോർമൽ സലൈന് മെഡിക്കൽ കോളജ് ആശുപത്രികളിൽ ക്ഷാമം തുടരുന്നു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അധികൃതർക്കിടയിലെ പടലപ്പിണക്കവും, വാർഷിക ഇൻഡന്റ് നൽകിയതിലെ പിഴവുകളുമാണു പ്രതിസന്ധിക്കു കാരണം. ടെൻഡർ നേടിയ അഹമ്മദാബാദ് കമ്പനിക്കു 2022 ലെ ആദ്യ പാദ ഓർഡർ സെപ്റ്റംബറിൽ നൽകേണ്ടിയിരുന്നതാണെങ്കിലും ജനുവരി ആദ്യ ആഴ്ച മാത്രമാണു നൽകിയത്. ഗുജറാത്തിൽ കോവിഡ് പടർന്നതും മറ്റു സംസ്ഥാനങ്ങളിലേക്കു  കൂടുതൽ ലോഡ് അയയ്ക്കേണ്ടി വന്നതും മൂലം മാർച്ച് വരെ വിതരണം സാധാരണ നിലയിലാക്കാൻ സാധിക്കില്ലെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്.

കെഎംഎസ്‌സിഎൽ തലപ്പത്ത് തീരുമാനങ്ങളെടുക്കാതെ ഫയൽ വൈകിപ്പിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിനു പ്രത്യക്ഷ കാരണം. കഴിഞ്ഞ വർഷം അവസാനത്തോടെ കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ പുതിയ വർഷത്തേക്കു വേണ്ട നോർമൽ സലൈൻ കണക്കെടുത്തതിലും പിഴവു സംഭവിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ കണക്കുകൾ പൂർണമായും തെറ്റായിരുന്നു. 8 ലക്ഷം കുപ്പി നോർമൽ സലൈനാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. 5000 കുപ്പികൾ സ്റ്റോക്ക് ഉണ്ടെന്നും, അത്യാവശ്യം വന്നാൽ മറ്റു ജില്ലകളിൽ നിന്ന് എത്തിക്കാമെന്നുമാണു കെഎംഎസ്‌സിഎൽ അറിയിച്ചിരിക്കുന്നത്. 

അഹമ്മദാബാദിലെ ക്ളാരിസ് ഒട്സൂക്ക എന്ന കമ്പനിക്കാണു നോർമൽ സലൈൻ വിതരണത്തിനു ടെൻഡർ ലഭിച്ചിരിക്കുന്നത്. അര ലീറ്ററിന്റെ കുപ്പിക്കു 14 രൂപയാണു കെഎംഎസ്‌സിഎൽ നിരക്ക്. പുറത്ത് 17.50 രൂപയും.  2022 ആദ്യ പാദത്തിലേക്കുള്ള പർച്ചേസ് ഓർഡർ നൽകണമെന്നു കഴിഞ്ഞ സെപ്റ്റംബർ മുതൽ കമ്പനി പ്രതിനിധികൾ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റോക്ക് തീരുകയാണെന്നു വെയർഹൗസ് മാനേജർമാരും കോർപറേഷനെ അറിയിച്ചിരുന്നതായാണു സൂചന. ക്ഷാമം രൂക്ഷമായതിനെ തുടർന്ന്, പൊതുമാർക്കറ്റിൽ നൽകാനുള്ള ഒരു ലക്ഷം കുപ്പികൾ കമ്പനി കെഎംഎസ്‌സിഎല്ലിനു നൽകിയിരുന്നു. അതും ഇപ്പോൾ തികയാതെ വന്നിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button