Kozhikode

പഴയ ബസ് സ്റ്റാൻഡ് തർക്കം കത്തിപ്പടരുന്നു; വടകരയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിൽ കുടുങ്ങി യാത്രക്കാർ

Please complete the required fields.




പയ്യോളി : വടകര പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള തർക്കത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ നടത്തിയ മിന്നൽ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു.

കൊയിലാണ്ടി – വടകര, പയ്യോളി – പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപാലം, അറബിക് കോളജ് റൂട്ടുകളിലെ ബസുകളാണ് ഓടാത്തത്. ഇതേതുടർന്ന് ഇന്ന് അതിരാവിലെ മുതൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലായി.വിവിധ ആവശ്യങ്ങൾക്കും ജോലിക്കുമായി പോകുന്നവരും, സ്കൂൾ – കോളജ് വിദ്യാർഥികളുമാണ് പതിവുപോലെ യാത്ര പുറപ്പെടാൻ കൊയിലാണ്ടി, പേരാമ്പ്ര റൂട്ടുകളിലെ ഇരുഭാഗത്തെയും ബസ് സ്റ്റോപ്പുകളിൽ എത്തിയിരുന്നത്. എന്നാൽ, പണിമുടക്കിനെ തുടർന്ന് ഇവർ പൂർണമായും പെരുവഴിയിലായി.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പുകളും നാമമാത്രമായ കെ.എസ്.ആർ.ടി.സി ബസുകളും മാത്രമായിരുന്നു യാത്രക്കാർക്ക് ആകെ ആശ്രയം. എന്നാൽ, ഭൂരിഭാഗം സ്റ്റോപ്പുകളിലും ഈ ബസുകൾ നിർത്താത്തതിനാൽ യാത്രക്കാർക്ക് അത് പ്രയോജനപ്പെട്ടില്ല. മിന്നൽ പണിമുടക്കായതുകൊണ്ട് സാധാരണയായി സമാന്തര സർവിസ് നടത്താറുള്ള ടാക്സി – ജീപ്പുകളും ഓടിയില്ല.

അതേസമയം, മുൻകൂട്ടി പ്രഖ്യാപിച്ച പണിമുടക്കാണെങ്കിൽ പോലും സമാന്തര സർവിസുകളെങ്കിലും ഉണ്ടാകുമായിരുന്നുവെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. ബസുകൾ ഓടാത്തത് കാരണം കൃത്യസമയത്ത് ക്ലാസുകളിലും ജോലിസ്ഥലത്തും എത്തേണ്ട ആയിരക്കണക്കിന് പേരാണ് മിന്നൽ പണിമുടക്കിൽ വലഞ്ഞത്.അതിനിടയിൽ, പയ്യോളി ബസ് സ്റ്റാൻഡിൽ കണ്ണൂർ ഭാഗത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ വിദ്യാർഥികളെ കയറ്റാത്തത് യാത്രക്കാരിൽ കനത്ത പ്രതിഷേധത്തിനിടയാക്കി.

Related Articles

Back to top button