എത്രനാൾ ഇനിയും ഇരുട്ടിൽ തപ്പണം? വൈദ്യുതി പ്രതിസന്ധി അതിവേഗം പരിഹരിക്കും, അറിയിപ്പ് ഇന്നുമുതൽ നൽകും – മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ള വൈദ്യുതി പ്രതിസന്ധി അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വൈദ്യുതി നിയന്ത്രണം സംബന്ധിച്ച മുന്നറിയിപ്പുകൾ ഇന്നുമുതൽ നൽകിത്തുടങ്ങുമെന്നും, ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും ഇതിനകം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ദീർഘകാല കരാറുകൾ നഷ്ടപ്പെട്ടത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഏകോപനമില്ലായ്മ മൂലമാണെന്നും അദ്ദേഹം തുറന്നടിച്ചു. ചിറയിൻകീഴ് കയ്യാങ്കളി വിഷയത്തിൽ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഗുരുതരമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. പലയിടങ്ങളിലും മുൻകൂട്ടി അറിയിപ്പില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന അസാധാരണ പവർകട്ട് ജനങ്ങളെ വലിയ ദുരിതത്തിലാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇടയ്ക്കിടെ നിലയ്ക്കുന്ന വൈദ്യുതി ജനങ്ങളുടെ സാധാരണ ജീവിതത്തെയും താളം തെറ്റിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സർക്കാരിന്റെയും കെഎസ്ഇബിയുടെയും നടപടികൾക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൊല്ലത്ത് കെഎസ്ഇബി ഓഫീസിന് മുന്നിൽ വ്യത്യസ്തമായ രീതിയിൽ ‘കാൻഡിൽ ലൈറ്റ് ഡിന്നർ’ സംഘടിപ്പിച്ചുകൊണ്ട് ഡിവൈഎഫ്ഐ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു.കൊല്ലം തെന്മല ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ ഇടമൺ, തെന്മല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.





