മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയോട് നടുറോഡിൽ ലൈംഗികാതിക്രമ ശ്രമം; യുവാവിനെ കടിച്ചോടിച്ച് തെരുവുനായ്‌ക്കൾ, 17കാരൻ അറസ്റ്റിൽ

കോയമ്പത്തൂർ : കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം. സംഭവത്തിൽ 17 വയസുകാരനെ അറസ്റ്റ് ചെയ്തു. യുവാവിന്റെ ആക്രമണത്തിൽ നിന്നും തെരുവ് നായകളാണ് യുവതിയെ രക്ഷിച്ചത്. കോയമ്പത്തൂർ തുടിയലൂരിലാണ് സംഭവം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തുടിയലൂരിന് സമീപത്തെ എൻജിജിഒ കോളനി– അശോകപുരം മേഖലയിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
മാനസിക വെല്ലുവിളി നേരിടുന്ന യുവതി മേൽപ്പാലത്തിന് സമീപ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. റോഡരികിൽ ഇരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ പതിനേഴുകാരൻ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.റോഡരികിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്ന യുവാവ് എത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. യുവാവ് വരുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന രണ്ട് തെരുവുനായകൾ തുടർച്ചയായി കുരച്ചു.
യുവാവ് കല്ലെറിഞ്ഞ് നായകളെ അകറ്റാൻ ശ്രമിച്ചെങ്കിലും നായകൾ കുറച്ചുദൂരെ മാറിനിന്നു. പിന്നീട് യുവാവ് യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. യുവതി നിലവിളിച്ചതോടെ നായകളിൽ ഒന്ന് യുവാവിന് നേരെ ചാടുകയും രണ്ടാമത്തെ നായ കാലിൽ കടിച്ചും പിടിച്ചുവലിച്ചും ഇയാളെ യുവതിയിൽ നിന്ന് അകറ്റുകയും ചെയ്തു.
നായകളുടെ പ്രതിരോധത്തെ തുടർന്ന് യുവാവ് ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നായകൾ ഇയാളെ പിന്തുടർന്ന് ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‌തു.





