Ernakulam

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു; ലജ്ജാകരമെന്ന് ഹൈക്കോടതി, സർക്കാരിൻ്റെ അടിയന്തര ഇടപെടലിന് നിർദേശം

Please complete the required fields.




കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദയനീയാവസ്ഥയിലും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. ചികിത്സയിലുള്ള രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നതെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ ഇപ്പോഴും തുടരുന്നത് ലജ്ജാകരമാണെന്നും വ്യക്തമാക്കി.

രോഗികൾക്ക് കേവലം മരുന്നുകൾ നൽകി നിരന്തരം ഉറക്കിക്കിടത്തുകയല്ല വേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. രോഗികൾക്ക് കൃത്യമായ പരിചരണവും ആവശ്യമായ ചികിത്സയും ഉറപ്പാക്കണമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കോടതി നിർദേശിച്ചു.

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ജീവനക്കാരെയും ഡോക്ടർമാരെയും ഉടൻ നിയമിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചുറ്റുമതിലുകൾ കൃത്യമായി നിർമിക്കണമെന്നും കേന്ദ്രങ്ങളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശിച്ചു.

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കോടതി വ്യക്തമാക്കി. ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് മാന്യമായ അന്തരീക്ഷവും ആവശ്യമായ പരിചരണവും ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളെ ‘വെൽനെസ് സെന്ററുകൾ’ ആക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ഹൈക്കോടതി സ്വാഗതം ചെയ്തു. മാനസികാരോഗ്യ ചികിത്സാ സംവിധാനത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന സൂചനയും കോടതി നൽകി.

Related Articles

Back to top button