Thiruvananthapuram
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തിയ കേസ്; മുൻ ഡി.സി.സി അംഗം ചേന്തി അനിലിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തിയ കേസിൽ തിരുവനന്തപുരം ഡി.സി.സി മുൻ അംഗം ചേന്തി അനിലിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. പ്രതിയുടെ പോലീസ് കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ചേന്തി അനിലിന്റെ ശബ്ദ സാമ്പിൾ തിരുവനന്തപുരം എഫ്.എസ്.എൽ (FSL) ലാബിൽ വെച്ച് ശേഖരിച്ചിരുന്നു. സംഭവസമയത്ത് മുഖ്യമന്ത്രിക്കെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്ത് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനാണ് ഫോറൻസിക് സംഘം ശബ്ദ സാമ്പിൾ എടുത്തത്. ഇതിന് പിന്നാലെയാണ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.





