സ്വകാര്യ നഴ്സിങ് കോളജിലെ മലയാളി വിദ്യാഥിനിയുടെ മരണം; ഒളിവില്‍ കഴിയുകയായിരുന്ന പ്രിന്‍സിപ്പല്‍ പിടിയില്‍

തിരുവനന്തപുരം : കന്യാകുമാരിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ മലയാളി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രിൻസിപ്പൽ ഷീജയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിനടുത്തുള്ള ഓസൂറിൽ വച്ചാണ് പ്രത്യേക അന്വേഷണസംഘം ഷീജയെ പിടികൂടിയത്. വിദ്യാർഥിനി ജീവനൊടുക്കാൻ കാരണം പ്രിൻസിപ്പലിന്റെ മാനസിക പീഡനമാണെന്നാണ് പരാതി ഉയർന്നത്.
വിദ്യാർഥികളുടെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടർന്ന് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പൽ ഷീജയെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ കന്യാകുമാരിയിൽ എത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
മലയാളി വിദ്യാർഥിനിയെ കോളജിലെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രിൻസിപ്പലിന്റെ മാനസിക പീഡനം കാരണമായെന്നാണ് വിദ്യാർഥിനിയുടെ കുടുംബത്തിന്റെയും മറ്റും ഭാഗത്തുനിന്ന് ആരോപണം ഉയർന്നത്. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ അന്വേഷണം പുരോഗമിച്ചത്.





