Malappuram

യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി, തിരൂർ സ്വദേശി അറസ്റ്റിൽ

Please complete the required fields.




മലപ്പുറം: മൂന്നിയൂരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പരാതിക്കാർക്ക് പ്രതിയുടെ വധഭീഷണി. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ തിരൂർ സ്വദേശി അബ്ദുൽ അസീമിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.

പീഡന പരാതി നൽകിയ അതിജീവിതയുടെ കുടുംബത്തെയാണ് പ്രതി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും ആ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് സ്വർണാഭരണം കൈക്കലാക്കിയെന്നുമാണ് അതിജീവിതയുടെ ആരോപണം.പുറത്തിറങ്ങിയാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി അതിജീവിതയുടെ കുടുംബ സുഹൃത്ത് പറഞ്ഞു. അതിജീവിതയുടെ കുടുംബം പരാതി നൽകിയതിന് പിന്നാലെയാണ് ഭീഷണി ഉണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു.

‘ഇരുട്ടിന്റെ മറവിൽ കണ്ടാൽ കരഞ്ഞ് കാൽപിടിച്ചാലും വെറുതെ വിടില്ല. എന്തിനും മടിയില്ലാത്തവൻ എന്തും ചെയ്യും’ എന്നാണ് പ്രതി ഭീഷണിപ്പെടുത്തിയതെന്ന് കുടുംബം പറയുന്നു.

‘ലൈംഗിക പീഡനം വലിയ ഒരു നെറ്റ്‌വർക്കിന്റെ ഭാഗമാണ്. കാപ്പ കേസ് പ്രതിയായ തനിക്ക് ഇത് വലിയ സംഭവമല്ല. ഇന്നത്തോടെ ലോകം അവസാനിക്കില്ലെന്ന് ഓർക്കണം’ എന്നും പ്രതി പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.ഭീഷണി പരാതിയെ തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം പരാതി നൽകിയിട്ടും ആദ്യ ഘട്ടത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് അതിജീവിതയുടെ പിതാവ് ആരോപിച്ചു.

കേസിൽ നീതി ലഭിക്കണമെന്നും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിയുടെ കൈവശമുള്ള മൊബൈൽ ഫോൺ കണ്ടെടുക്കണമെന്നും പ്രതി കൈക്കലാക്കിയ സ്വർണാഭരണങ്ങൾ കണ്ടെത്തണമെന്നും അതിജീവിതയുടെ കുടുംബ സുഹൃത്ത് ആവശ്യപ്പെട്ടു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button