Malappuram

കാമുകിക്കൊപ്പം ചേർന്ന് ഭാര്യയെ പൂട്ടിയിട്ട് ക്രൂരമർദ്ദനം; ഷാഹുൽ ഹമീദ് ഒടുവിൽ പൊലീസിന്റെ വലയിൽ

Please complete the required fields.




മലപ്പുറം: ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന വണ്ടൂർ വടക്കേക്കര സ്വദേശി തുള്ളിശ്ശേരി ഷാഹുൽ ഹമീദിനെ (39) കാപ്പാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസാണ് പിടികൂടിയത്.

വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി പത്ത് ദിവസം പിന്നിടുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലാകുന്നത്. കഴിഞ്ഞ മാർച്ച് 16-നാണ് കേസിനാസ്പദമായ സംഭവം. കാളികാവ് പുറ്റമണയിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് ഷാഹുലും കാമുകിയും ചേർന്ന് ഭാര്യയെ മുറിയിൽ പൂട്ടിയിട്ടു.

പിന്നീട് കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം കത്രിക കൊണ്ട് മുറിവേൽപ്പിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. അവിഹിതബന്ധം ഭാര്യ ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിന് ശേഷം മുറിവുകൾ അപകടത്തിൽ പറ്റിയതാണെന്ന് വരുത്തി പിറ്റേന്ന് ആശുപത്രിയിൽ എത്തിച്ച ശേഷം യുവതിയെ വീട്ടിൽ കൊണ്ടാക്കി പ്രതി മുങ്ങി.

മാർച്ച് 23-നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അതേസമയം ഷാഹുൽ ഹമീദിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് പൂക്കോട്ടുംപാടം പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ സംഭവത്തിൽ കുട്ടികളുടെ പിതാവ് ചൈൽഡ് ലൈനിനും ബാലാവകാശ കമ്മീഷനും പരാതി നൽകിയതോടെ കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. ഭാര്യയുടെ 28.5 പവൻ സ്വർണാഭരണങ്ങളും ബിസിനസ് ആവശ്യത്തിനെന്ന പേരിൽ കൈപ്പറ്റിയ 2.8 ലക്ഷം രൂപയും തട്ടിയെടുത്തതായും പരാതിയുണ്ട്.

വൻകിട ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് യൂണിഫോം ധരിച്ച് ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. നിലമ്പൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഷാഹുൽ ഹമീദിനെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Related Articles

Back to top button