എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; അനുമതി നൽകി കേരള സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ഔദ്യോഗിക അനുമതി നൽകി.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റിക്കൊണ്ട് കൃഷി വകുപ്പാണ് ഉത്തരവിറക്കിയത്. 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പരിസ്ഥിതി-ജലസംരക്ഷണം ഉറപ്പുവരുത്താനുള്ള കർശന വ്യവസ്ഥകളോടെയാണ് പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുള്ളത്.
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) മുൻ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച അപേക്ഷ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് വൈകിയിരുന്നു. തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി കെ. രാജൻ, സ്പോർട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നിയമഭേദഗതികൾ കൊണ്ടുവരികയും എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ക്യാബിനറ്റിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിക്കുകയുമായിരുന്നു.
കെ.സി.എയ്ക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവുകളും അനുവദിച്ചു. തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, കായിക വകുപ്പ് മന്ത്രി ഒ.കെ. ജനീഷ് എന്നിവരുടെ നിർദ്ദേശപ്രകാരം സംസ്ഥാനതല സമിതി അപേക്ഷ വീണ്ടും പരിശോധിച്ച് ശുപാർശ നൽകുകയും സർക്കാർ അത് അംഗീകരിക്കുകയുമായിരുന്നു.
കേരളത്തിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികക്കല്ലാണ് ഈ തീരുമാനമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ വ്യക്തമാക്കി. ദേശീയ-അന്തർദേശീയ മത്സരങ്ങൾ എത്തുന്നതോടെ കായിക ടൂറിസവും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയും വളർച്ച പ്രാപിക്കും.
ബി.സി.സി.ഐ അനുമതി ലഭ്യമാക്കുന്നതിലും സർക്കാരുമായി ഏകോപനം നടത്തുന്നതിലും പ്രവർത്തിച്ച മുൻ കെ.സി.എ പ്രസിഡന്റും നിലവിലെ ഡബ്ല്യു.പി.എൽ ചെയർമാനുമായ ജയേഷ് ജോർജിനെയും അദ്ദേഹം അഭിനന്ദിച്ചു.
ബി.സി.സി.ഐ ഭാരവാഹികളും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയും പദ്ധതി പ്രദേശം ഉടൻ സന്ദർശിക്കുമെന്ന് ജയേഷ് ജോർജ് അറിയിച്ചു. മുൻപ് ഐ.സി.സി ചെയർമാൻ ജയ് ഷായും പ്രദേശം നേരിട്ട് സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച്, ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ കൂട്ടിച്ചേർത്തു.





