
ന്യൂഡൽഹി: കൊടും ക്രൂരത… തെക്കൻ ഡൽഹിയിലെ എയിംസ് മെട്രോ സ്റ്റേഷന് സമീപം തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സൈമൂർ നഗർ സ്വദേശി ലോകേഷ് അറസ്റ്റിലായി. കൊല്ലപ്പെട്ടത് 20 വർഷമായി വസ്ത്രം വിറ്റ മനോജ് ബിഹാർ നവാഡ സ്വദേശി മനോജ് സിംഗ്(49) ആണ് കൊല്ലപ്പെട്ടത്.
20 വർഷമായി സഫ്ദർജങ് ആശുപത്രിക്ക് പുറത്ത് വസ്ത്രങ്ങൾ വിറ്റ് ജീവിക്കുകയായിരുന്നു മനോജ്. ജൂലൈ 23ന് രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനോജിനെ എയിംസ് മെട്രോ സ്റ്റേഷന്റെ മൂന്നാം നമ്പർ ഗേറ്റിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസ് സ്റ്റാന്റിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിലായിരുന്ന പ്രതി ലോകേഷ് മനോജിനെ തടഞ്ഞുനിർത്തി ആവശ്യമില്ലാതെ തട്ടിക്കയറിയതായി പൊലീസ് പറഞ്ഞു. ലോകേഷിനെ തള്ളിമാറ്റി മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നെത്തിയ പ്രതി ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സംഭവം കണ്ട യാത്രക്കാർ ലോകേഷിനെ പിടികൂടി പൊലീസിന് കൈമാറി. പ്രതിയെ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ 20 വർഷമായി ഡൽഹിയിൽ ജീവിക്കുന്ന മനോജിന്റെ കൊലപാതകം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.





