
കൊല്ലം: ഒരുവർഷം മുൻപ് മരിച്ച പുനലൂർ സ്വദേശിനി പവിത്ര എന്ന 19കാരിയുടെ മരണത്തിൽ ദുരൂഹത. പവിത്രയുടെ മരണം കൊലപാതകമെന്ന് സുഹൃത്തായ യുവാവ് വെളിപ്പെടുത്തുന്ന ഓഡിയോ സംഭാഷണം പുറത്ത്. പവിത്രയുടേത് അപകട മരണമെന്നായിരുന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
എന്നാൽ പവിത്രയെ മദ്യം നൽകിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തുന്ന ഓഡിയോ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സുലേഖ രംഗത്തെത്തി. പവിത്രയുടേത് അപകടമരണമല്ലെന്നും മകളെ തലക്കടിച്ച് കൊന്നതാണെന്നും അമ്മ ആരോപിച്ചു. മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പവിത്രയുടെ അമ്മ ഹൈക്കോടതിയിൽ റിട്ട് നൽകി.
2025 ജൂൺ 18-നാണ് 19 വയസ്സുകാരിയായ പവിത്ര ബന്ധുവിനൊപ്പം സഞ്ചരിച്ച ബൈക്കിൽ അപകടമുണ്ടായി ചികിത്സയിലിരിക്കെ മരിച്ചത്. പുലർച്ചെ തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉറുകുന്ന് പള്ളിക്ക് സമീപമാണ് അപകടം നടന്നത്.
അജിത്ത് എന്നയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പവിത്രയ്ക്ക് വാഹനം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.




