കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ ടീം ആരാധകർ തമ്മിലുള്ള തർക്കത്തിൽ മർദ്ദനമേറ്റതായി പരാതി. ‘വേൾഡ് കപ്പ് 2026’ എന്ന പേരിലുള്ള വാട്സാപ്പ് കൂട്ടായ്മയിലെ വാക്പോരാണ് പിന്നീട് വീടാക്രമണത്തിലും മർദ്ദനത്തിലും എത്തിയത്.
കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് ഷാനിസാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 16-ാം തീയതി രാത്രിയാണ് സംഭവം.ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും തമ്മിൽ വാട്സപ്പ് ഗ്രൂപ്പിൽ വാക്കുതർക്കം മുറുകിയതോടെയാണ് പ്രശ്നത്തിന്റെ തുടക്കം.
ലോകകപ്പിലെ പ്രിയ ടീമുകളെ പിന്തുണച്ച് നടന്ന ചർച്ചയാണ് പിന്നീട് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് എത്തിയത്. തർക്കത്തിന് പിന്നാലെ അതേ ദിവസം രാത്രി 10.30-ഓടെ അർജന്റീന ആരാധകരായ രണ്ട് യുവാക്കൾ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി. തുടർന്ന് ഇരുവരെയും മർദിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് പൂർണമായും തകർന്നു. വീടിന്റെ ജനൽ ചില്ലുകളും അക്രമികൾ തകർത്തു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വാട്സപ്പ് ഗ്രൂപ്പിലെ ചാറ്റുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ആക്രമണത്തിൽ പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.ഫുട്ബോൾ ആവേശം ക്രമസമാധാന പ്രശ്നത്തിലേക്ക് വഴിമാറിയ സംഭവം പ്രദേശത്ത് വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.
കായിക പ്രേമം ആരോഗ്യകരമായിരിക്കണമെന്നും അല്ലാത്തപക്ഷം അത് അക്രമത്തിലേക്ക് നയിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. വാട്സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ഇത്തരം തർക്കങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ സംവാദങ്ങൾക്ക് പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.





