ഗേറ്റ് തുറക്കാൻ വിസമ്മതിച്ചു, ഒബ്സർവേഷൻ ഹോമിലെ സെക്യൂരിറ്റിക്കാരനെ കൊലപ്പെടുത്തി നാല് അന്തേവാസികൾ തടവുചാടി

ബിലാസ്പൂർ: സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ അന്തേവാസികൾ കൊലപ്പെടുത്തിയ ശേഷം തടവുചാടി. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ സർക്കണ്ടയിലെ ‘പ്ലേസ് ഓഫ് സേഫ്റ്റി’ എന്ന കേന്ദ്രത്തിലാണ് സംഭവം .
അരാബന്ദ് ഗ്രാമവാസിയും കരാർ ജീവനക്കാരനുമായ നരേന്ദ്ര കുമാർ ഖാണ്ഡെ (40) ആണ് കൊല്ലപ്പെട്ടത്. കേന്ദ്രത്തിൽ നിന്ന് പുറത്തുകടക്കാനായി അന്തേവാസികൾ ഖാണ്ഡെയോട് ഗേറ്റിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ, അദ്ദേഹം താക്കോൽ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് പ്രതികൾ ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തുടർന്ന് കൈകാലുകൾ കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. 18-നും 20-നും ഇടയിൽ പ്രായമുള്ള നാല് പ്രതികളാണ് തടവുചാടിയത്. പ്രായപൂർത്തിയാകാത്ത സമയത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവർ ഈ കേന്ദ്രത്തിൽ കഴിയുന്നത്.
നിയമപ്രകാരം 21 വയസ്സ് തികയുന്നതുവരെയാണ് ഇത്തരം കേന്ദ്രങ്ങളിൽ ഇവരെ പാർപ്പിക്കുന്നത്. ഒളിച്ചോടിയവരിൽ മൂന്നുപേർ വിചാരണ നേരിടുന്നവരും ഒരാൾ കൊലക്കേസ് പ്രതിയുമാണ്. സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്.





