Thiruvananthapuram

തിരുവനന്തപുരത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ വിലയുള്ള മാല പൊട്ടിച്ച പ്രതികൾ പിടിയിൽ

Please complete the required fields.




തിരുവനന്തപുരം: നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാല പൊട്ടിച്ചോടിയ രണ്ട് പ്രതികളെ വെഞ്ഞാറമൂട് പോലീസ് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി സാജൻ (29), കാരേറ്റ് മാടൻവിള വീട്ടിൽ സിനു (25) എന്നിവരാണ് അറസ്റ്റിലായത്. വാമനപുരം ആനാകുടി പൊയ്കമുക്ക് സ്വദേശി പ്രശോഭനയുടെ മാലയാണ് ഇവർ കവർന്നത്.

കഴിഞ്ഞ ബുധനാഴ്ച വാമനപുരം ആനാകുടി ജംഗ്ഷന് സമീപമായിരുന്നു സംഭവം. പോസ്റ്റ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രശോഭനയുടെ അടുത്ത് ബൈക്കിലെത്തിയ പ്രതികൾ വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ മാല പൊട്ടിച്ച് ബൈക്കിൽ അതിവേഗം രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയുടെ ബഹളം കേട്ട് നാട്ടുകാർ ബൈക്കുകളിൽ പിന്തുടർന്നുവെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്ന് വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി.

മോഷണത്തിന് ഉപയോഗിച്ച ബൈക്കിന് രജിസ്ട്രേഷൻ നമ്പർ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസ്സമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കടുത്ത അക്രമസ്വഭാവം കാണിച്ച പ്രതികളെ പോലീസ് അതിസാഹസികമായാണ് കീഴടക്കിയത്. മുൻപ് ജയിലിൽ കിടന്നുള്ള പരിചയം വെച്ചാണ് ഇരുവരും ചേർന്ന് മോഷണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button