
ഇടുക്കി: ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ഡ്രൈവർക്ക് വഴിതെറ്റിയതിനെ തുടർന്ന് ടോറസ് ലോറി കൊടുംവളവിൽ കുടുങ്ങി. ഇതെത്തുടർന്ന് സംസ്ഥാന പാതയുടെ ഭാഗമായ മേരികുളം-ആനവിലാസം റൂട്ടിൽ ഏഴുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
കർണാടകയിൽ നിന്ന് ജല ജീവൻ മിഷൻ പദ്ധതിക്കായി ഇരുമ്പ് പൈപപ്പുകളുമായി ഏലപ്പാറയ്ക്കു സമീപം ചിന്നാർ മൂന്നാംമൈലിലേക്ക് എത്തിയ വാഹനമാണ് വഴിയിൽ കുടുങ്ങിയത്. കൊച്ചി-തേക്കടി സംസ്ഥാന പാതയിൽ ഇടപ്പൂക്കുളം ഒന്നാം വളവിൽ ഇന്നലെ പുലർച്ചെ രണ്ടോടെയാണു സംഭവം.
കുമളിയിൽ നിന്ന് കുട്ടിക്കാനം വഴി ഏലപ്പാറയിലേക്ക് പോകേണ്ട വാഹനമാണ് ഗൂഗിൾ മാപ്പ് ചതിച്ചതോടെ വഴിതെറ്റി ആനവിലാസം വഴി എത്തിയത്. കൊടുംവളവിൽ ടോറസ് കുടുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.
വിവരമറിഞ്ഞ് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് മണ്ണുമാന്തിയന്ത്രവും ട്രാക്ടറും എത്തിച്ച് മണിക്കൂറുകൾ പരിശ്രമിച്ചാണ് ടോറസ് ലോറി വളവിൽ നിന്ന് മാറ്റാനായത്.എന്നാൽ മേരികുളം വരെ പിന്നീടുള്ള വളവുകളിലും വാഹനം കുടുങ്ങുന്ന സ്ഥിതിയായിരുന്നു. അത്തരം സ്ഥലങ്ങളിൽ വീതി കൂട്ടിയും ട്രാക്ടറിൽ കെട്ടിവലിച്ചുമാണ് ടോറസ് മേരികുളത്ത് എത്തിച്ചത്.രാവിലെ ഒൻപതു മണിയോടെയാണ് ഈ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കാനായത്. സംസ്ഥാന പാതയാണെങ്കിലും വീതി കുറവും കൊടുംവളവുകളും നിറഞ്ഞ ഈ റോഡിൽ വലിയ വാഹനങ്ങൾ കുടുങ്ങുന്നതും അപകടത്തിൽപെടുന്നതും പതിവായിരിക്കുകയാണ്.





