
തൃശൂർ: വൈദ്യുതി കണക്ഷൻ മാറ്റി നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി മുൻ അസിസ്റ്റന്റ് എൻജിനീയർക്ക് തൃശൂർ വിജിലൻസ് കോടതി ഏഴ് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു.
കുന്നംകുളം കെഎസ്ഇബി ഓഫീസിലെ മുൻ അസിസ്റ്റന്റ് എൻജിനീയറും കൊല്ലം തഴവ സ്വദേശിയുമായ കെ. ശശിക്കാണ് ശിക്ഷ ലഭിച്ചത്. 2014-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചാവക്കാട് സ്വദേശിയായ പരാതിക്കാരൻ തന്റെ കെട്ടിടത്തിലേക്ക് അധിക വൈദ്യുതി ലോഡ് അനുവദിക്കുന്നതിനായി കണക്ഷൻ മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ, പ്രതി ഇതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ വിജിലൻസ് യൂണിറ്റ് ഇയാളെ പിടികൂടുകയായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.





