India

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട്ടിലെ വിജയ് സർക്കാർ

Please complete the required fields.




ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങൾ അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് നിയമസഭയിൽ ഗവർണർ നടത്തിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും കേരളത്തിന്റെ ശ്രമങ്ങളെ ശക്തമായി തടയുമെന്നും തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു.

തമിഴക വെട്രി കഴകം നേതാവ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്. സഭയിലെ കീഴ്‌വഴക്കങ്ങൾ പാലിച്ച് ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചാണ് സമ്മേളനം ആരംഭിച്ചത്. തുടർന്ന് ദേശീയഗാനത്തോടെ സമാപിച്ചു; എന്നാൽ വന്ദേമാതരം ആലപിച്ചില്ല.

കേന്ദ്രത്തിനെതിരെ വിമർശനം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള കടുത്ത വിമർശനം ഗവർണർ നയപ്രഖ്യാപനത്തിൽ വായിച്ചു. ത്രിഭാഷാ നയം നടപ്പാക്കുന്നതുമായി കേന്ദ്ര ഫണ്ട് വിഹിതത്തെ ബന്ധിപ്പിക്കുന്ന നീക്കം അംഗീകരിക്കില്ലെന്ന് വിജയ് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് ‘ദ്വിഭാഷാ നയം’ തന്നെ തുടരും.മുല്ലപ്പെരിയാർ ഉൾപ്പെടെ തമിഴ്‌നാടിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ മുൻകാല ദ്രാവിഡ പാർട്ടികളുടെ അതേ കർക്കശ നിലപാട് തന്നെയായിരിക്കും പുതിയ സർക്കാരിനുമെന്ന് വ്യക്തമാക്കപ്പെട്ടു.

പെരിയാർ, അണ്ണാദുരൈ, കാമരാജ്, അംബേദ്കർ എന്നിവരുടെ രാഷ്ട്രീയ ദർശനങ്ങൾ ഉയർത്തിപ്പിടിക്കുന്ന ടി.വി.കെ, ജാതിക്കും മതത്തിനും പണക്കൊഴുപ്പിനും അതീതമായ പാർട്ടിയാണെന്ന് നയപ്രഖ്യാപനത്തിൽ അടിവരയിട്ടു.

പ്രസംഗത്തിൽ മുൻ ഡി.എം.കെ സർക്കാരിനെതിരെ ഗവർണർ രൂക്ഷവിമർശനം ഉന്നയിച്ചു. മുൻ സർക്കാർ സംസ്ഥാനത്തെ ലഹരിയൊഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് നയപ്രഖ്യാപനത്തിൽ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിൽ കുറ്റകൃത്യങ്ങൾ പെരുകാൻ പ്രധാന കാരണം ഈ ലഹരിവ്യാപനമാണെന്നും പുതിയ സർക്കാർ ഇത് കർശനമായി നേരിടുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി. പുതിയ സഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

Related Articles

Back to top button