Thrissur
ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകവേ തെരുവുനായ പിന്തുടർന്നെത്തി; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: മുറ്റിച്ചൂരിൽ തെരുവുനായ പിന്തുടർന്നതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. മുറ്റിച്ചൂർ സ്വദേശിനിയായ 75 വയസ്സുകാരി സുഹ്റയാണ് മരിച്ചത്. മുറ്റിച്ചൂർ പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്റ. സ്കൂട്ടറിനടുത്തേക്ക് തെരുവുനായ്ക്കൾ ഓടിയെത്തുകയായിരുന്നു. നായ പിന്തുടരുന്നത് കണ്ട് ഭയന്നതോടെ ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിൽനിന്ന് സുഹ്റ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.





