
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് യെല്ലോ അലേർട്ട് നിലവിലുള്ള ജില്ലകളുടെ എണ്ണം ഒൻപതായി.
ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
ദുരന്തസാധ്യത മേഖലകളിലുള്ളവർ തങ്ങളുടെ പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കുകയും ചെയ്യുക. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെടാം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.





