
തൃശൂർ : വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ പ്രൈവറ്റ് ബസില്‍ കയറ്റാതിരുന്ന സംഭവത്തിൽ കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി. ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് എംവിഡിയുടെ നടപടി. ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികൾ സ്വകാര്യ ബസ്സിനരികെ വരിയായി കാത്തുനിൽക്കുന്നത് ദൃശ്യത്തിൽ കാണാം. എന്നാൽ ബസ് പോകാൻ നേരത്ത് വിരലിലെണ്ണാവുന്ന കുട്ടികളെ മാത്രം കയറ്റിയ കണ്ടക്ടർ കൂടുതൽ പേരെ കയറ്റുന്നത് നടക്കില്ലെന്ന് വിദ്യാർത്ഥികളോട് തറപ്പിച്ചു പറഞ്ഞു.
കണ്ടക്ടറോട് ബസ്സിൽ കയറാൻ അനുവാദം തേടുന്ന വിദ്യാർത്ഥി ഒടുവിൽ കൈകൂപ്പി പിൻവാങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. സംസ്ഥാനത്ത് കെ എസ് ആർ ടി സി ബസ്സുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനി നടപ്പാക്കിയതിന് പുറകെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിൽ ആണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പുറകെയുള്ള പ്രതിഷേധം ആണ് വിദ്യാർത്ഥികളോടുള്ള ഈ കടുംപിടുത്തത്തിന് പുറകിലെന്ന് ആരോപണം ഉയർന്നു.





